കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിംഗ് കരസേനാ മേധാവിയായിരിക്കെ ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് നിരോധിച്ച ‘ടട്ര’യ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

single-img
1 January 2015

Tatraനിലവാരമില്ലാത്ത ടട്ര ട്രക്കുകള്‍ വാങ്ങുന്നതിനായി തനിക്കു കോഴ വാഗ്ദാനം ചെയ്‌തെ ന്ന് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിംഗ് കരസേനാ മേധാവിയായിരിക്കെ ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് രാജ്യത്ത് നിരോധിച്ചിരുന്ന ടട്ര ട്രക്കുകള്‍ക്കു വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ടട്ര കമ്പനിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പ്രതിരോധമന്ത്രാലയം ഭാഗികമായി നീക്കി.

ടട്ര കമ്പനിയുടെ നിരോധനം നീക്കിയതിനു പുറമേ വിദേശ കമ്പനികളുടെ പ്രതിനിധികളെ പ്രതിരോധ ഇടപാടുകളുടെ ചര്‍ച്ചയില്‍ അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മൊത്തം 78,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കിയെന്നു പ്രതിരോധ മന്ത്രി വിശദീകരിച്ചു. ഇതില്‍ 65,000 കോടി മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുന്നവയാണ്.

ജനറല്‍ വി.കെ. സിംഗ് ടട്ര കമ്പനിക്കെതിരേ ഉയര്‍ത്തിയ കോഴ ആരോപണം പാര്‍ലമെന്റില്‍ അടക്കം വലിയ വിവാദമായിരുന്നു. കരസേനാധിപനെവരെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണു 2012 മാര്‍ച്ചില്‍ ബ്രിട്ടന്‍ ആസ്ഥാനമായുള്ള ടട്ര കമ്പനിയുമായുള്ള പ്രതിരോധ ഇടപാടു നിരോധിക്കുകയും ട്രക്കുകള്‍ വാങ്ങുന്നതു നിര്‍ത്തിവയ്ക്കുകയും ചെയ്തത്.