സുഹൃത്തുക്കള്‍ക്കും പ്രമുഖര്‍ക്കും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പുതുവത്സര സമ്മാനം; വിഷാംശമില്ലാതെ ജൈവകൃഷിയിലൂടെ വളര്‍ത്തിയെടുത്ത ഓരോകുട്ട പച്ചക്കറി

single-img
1 January 2015

Mamoottyഈ പുതുവത്സരത്തില്‍ സുഹൃത്തുക്കള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍ക്കും തന്റെ സമ്മാനമായി വിഷം പുരളാത്ത ഓരോകുട്ട പച്ചക്കറി സമ്മാനിച്ച് മമ്മൂട്ടി മാതൃകയായി. ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്തില്‍ സ്വന്തം പച്ചക്കറിത്തോട്ടത്തില്‍ വിളഞ്ഞ ജൈവ പച്ചക്കറികള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് മമ്മൂട്ടി തന്റെ സാമൂഹ്യ ബോധം വെളിപ്പെടുത്തിയത്.

കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് നടന്ന പരിപാടിയില്‍ എം.പി. മാരായ കെ.വി. തോമസ്, പി. രാജീവ്, ബെന്നി ബഹനാന്‍ എം.എല്‍.എ., എ.ഡി.ജി.പി. കെ. പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബി.ജെ.പി. ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സ്റ്റാര്‍ട്ട് അപ് വില്ലേജ് സി.ഇ.ഒ. പ്രണവ് കുമാര്‍ സുരേഷ്, വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ, ഓസ്‌ട്രേലിയന്‍ കലാകാരന്‍ ഡാനിയേല്‍ കോണല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസഫ്, സലാഹുദ്ദീന്‍ മദനി, ചായക്കടയില്‍ നിന്നുള്ള ചെറിയ വരുമാനം കൊണ്ട് ലോക സഞ്ചാരികളായി മാറിയ ദമ്പതിമാര്‍ വിജയനും മോഹനയും, തെരുവില്‍ കഴിയുന്നവര്‍ക്കും അനാഥര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഓട്ടോ െ്രെഡവര്‍ ജൂഡ്‌സണ്‍, പവര്‍ വീല്‍ചെയറില്‍ ജീവിക്കുന്ന ബ്ലോഗെഴുത്തുകാരന്‍ ശിവാനന്ദന്‍, തൃപ്പൂണിത്തുറ കൃഷിഭവന്റെ ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ഏഴാം ക്ലാസുകാരന്‍ അലന്‍ മെല്‍വിന്‍, വഴിയരികില്‍ നിന്ന് കിട്ടിയ വജ്രാഭരണങ്ങളും പതിനെട്ട് പവന്റെ സ്വര്‍ണാഭരണങ്ങളും ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചുനല്കിയ അന്യ സംസ്ഥാനത്തൊഴിലാളി ജിതേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് മമ്മൂട്ടി പച്ചക്കറികള്‍ നല്‍കിയത്.

തോമസ് ഐസക് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴിയില്‍ നടത്തുന്ന ജൈവ പച്ചക്കറികൃഷി പദ്ധതിയില്‍ മമ്മൂട്ടിയും ചേരുകയായിരുന്നു. 25 സെന്റില്‍ നിന്നും 25000 രൂപയുടെ പച്ചക്കറിയാണ് ഇപ്രാവശ്യം ഉത്പാദിപ്പിച്ചത്.