എരുമേലിയില്‍ അയ്യപ്പസ്വാമിയുടെ പേട്ടതുള്ളലിന് ഉറ്റതോഴന്‍ വാവരുടെ പിന്‍ഗാമികളുടെ ഐക്യദാര്‍ഡ്യമായ ചന്ദനക്കുടം ആഘോഷങ്ങള്‍ക്ക് തുടക്കമായി

single-img
1 January 2015

Erumeliഅയ്യപ്പസ്വാമിയുടെ പേട്ടതുള്ളലിന് ഉറ്റതോഴന്‍ വാവരുടെ പിന്‍ഗാമികളുടെ ഐക്യദാര്‍ഡ്യമായ ചന്ദനക്കുടം ആഘോഷങ്ങള്‍ക്ക് നൈനാര്‍ ജുംഅ മസ്ജിദ് മുറ്റത്ത് കൊടി ഉയര്‍ന്നു. ക്ഷേത്രകലയായ തായമ്പകയുടെ താളമേളങ്ങള്‍ മതവൈരമില്ലാത്ത എരുമേലി മുസ്‌ലിം പള്ളി മുറ്റത്ത് നിറഞ്ഞപ്പോള്‍ ജാതി-മത ഭേദമന്യേ പങ്കുചേരാനെത്തിയത് ആയിരങ്ങള്‍.

ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിന് നാടു സമര്‍പ്പിക്കുന്ന ഐക്യദാര്‍ഢ്യമായ ചന്ദനക്കുട ആഘോഷം ഈ മാസം പത്തിനാണ് നടക്കുന്നത്. പിറ്റേന്ന് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ അരങ്ങേറും. പത്തിന് ഉച്ചക്ക് ഒന്നിന് നൈനാര്‍പള്ളിയില്‍ നിന്നു മാലിസ ഘോഷയാത്ര പുറപ്പെടുന്നതോടെ ചന്ദനക്കുട ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗജവീരന്മാര്‍ മുന്നിലും കൊട്ടക്കാവടി ശിങ്കാരിമേളം, ചെണ്ടമേളം, ദഫ്മുട്ട്, മാപ്പിളഗാനമേള എന്നിവ പിന്നിലുമായി ചന്ദനക്കുട ഘോഷയാത്ര രാത്രിയിലാണ് എരുമേലിയുടെ തെരുവീഥികളില്‍ നിറയുന്നത്.

കഴിഞ്ഞദിവസം വൈകുന്നേരം മഗരിബ് നമസ്‌കാരത്തിന് ശേഷം ജമാഅത്ത് സെക്രട്ടറി പിഎ ഇര്‍ഷാദാണ് ചന്ദനക്കുട ആഘോഷങ്ങളുടെ കൊടിയേറ്റ് നിര്‍വഹിച്ചത്. ചന്ദനക്കുടം ഘോഷയാത്രയ്ക്ക് ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും കെഎസ്ആര്‍ടിസി അധികൃതരും വ്യാപാരിസംഘടനയും സ്വീകരണങ്ങള്‍ നല്‍കും. തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ ജമാഅത്ത് ഭാരവാഹികള്‍ക്കും ഘോഷയായ്ത്രക്കും വരവേല്‍പ്പ് നല്‍കും.