ഭാര്യയുമായി പിരിയാന്‍ 6317 കോടി നല്‍കാമെന്ന് കോടതിയില്‍ പറഞ്ഞ എണ്ണ കമ്പനി മുതലാളി എണ്ണയുടെ വിലയിടിവ് കാരണം ഈ തുക നല്‍കാനാവില്ലെന്ന് പറഞ്ഞ് കോടതിയില്‍ അപ്പീല്‍ നല്‍കി

single-img
1 January 2015

oilഒക്‌ലഹോമയിലെ വമ്പന്‍ ബിസിനസുകാരനായ ഹാരോള്‍ഡ് ഹാം ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ കുത്തനെ കുറഞ്ഞപ്പോള്‍ ഹാരോള്‍ഡ് ഹാമിന്റെ ഓരോ കണക്കുകൂട്ടലും പിഴയ്ക്കുകയായിരുന്നു. അതൊരു തുറന്നുപറച്ചിലിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വിചിത്രമായ വാദവുമായി രംഗത്തിറങ്ങുകയാണ് ഹാരോള്‍ഡ് ഹാം.

പ്രതിസന്ധിയിലകപ്പെട്ടതോടെ എണ്ണക്കമ്പനി മുതലാളിയായ ഹാരോള്‍ഡ് ഹാം വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ഒത്തുതീര്‍പ്പുപ്രകാരം നല്‍കാമെന്നേറ്റ 6317 കോടി രൂപ നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ച് അപ്പീല്‍ നല്‍കിയെന്ന വാര്‍ത്തയാണ് ബിസിനസ്സ് ലോകത്ത് കൗതുകമുണര്‍ത്തുന്നത്.

ഒക്‌ലഹോമയിലെ വമ്പന്‍ ബിസിനസുകാരനായ ഹാരോള്‍ഡ് ഹാം മുന്‍ഭാര്യ സ്യൂ ആന്‍ അര്‍ണാലും തമ്മിലുള്ള വിവാഹമോചനകേസ് അമേരിക്കയില്‍ വലിയ വാര്‍ത്തയായിരുന്നു.  മൂന്നു വര്‍ഷമായി തുടരുന്ന വിവാഹകേസിന്റെ ഒത്തുതീര്‍പ്പെന്ന നിലയിലായിരുന്നു നഷ്ടപരിഹാരം നിശ്ചയിച്ചത്. 1900 കോടി ഡോളറാണ് ഹാരോള്‍ഡിന്റെ കമ്പനിയുടെ ആസ്തി. കഴിഞ്ഞ മാസമുണ്ടായ തീരുമാനം ‘നീതിയുക്തവും ഉചിതവു’മെന്ന് പറഞ്ഞ് ജഡ്ജിക്ക് നന്ദി പറഞ്ഞ് പിരിഞ്ഞ ഹാരോള്‍ഡിന് മനംമാറ്റമുണ്ടായതിന് കാരണം എണ്ണവിലയിടിവാണ്. താന്‍ പ്രതീക്ഷിച്ചതിന്റെ പകുതി ലാഭം പോലും കമ്പനിക്ക് ലഭിക്കാനിടയില്ലാത്ത സാഹചര്യത്തില്‍ അപ്പീല്‍ അനുവദിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, സ്യൂ ആന്‍ അര്‍ണാല്‍ എതിര്‍വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ എക്‌സിക്യൂട്ടിവായിരുന്ന താന്‍ കൂടി ചേര്‍ന്ന് സമ്പാദിച്ച സ്വത്തിന് അങ്ങനെ കണക്കു പറയേണ്ടതില്ല എന്നാണ് വാദം. 26 വര്‍ഷം ദാമ്പത്യജീവിതം നയിച്ച ശേഷമായിരുന്നു ഇവര്‍ പിരിയാന്‍ തീരുമാനിച്ചത്.