ജനുവരി 1 മുതല്‍ എല്‍.പി.ജി സബ്സിഡി പണം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കും

single-img
1 January 2015

gasന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ എല്‍.പി.ജി ഉപഭോക്താക്കള്‍ക്കും ജനുവരി 1 മുതല്‍ സബ്സിഡി പണം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കും. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമില്‍ ചേര്‍ന്ന് ആദ്യ ബുക്കിങ് നടത്തുന്ന ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ ഉടന്‍ 568 രൂപ നിക്ഷേപിക്കും. ഈ പണം ഉപയോഗിച്ച് 14.2 കിലോയുടെ എല്‍.പി.ജി സിലിണ്ടര്‍ വിപണി വിലയില്‍ വാങ്ങാം.
നിലവില്‍ ഡല്‍ഹിയില്‍ സബ്സിഡി സിലിണ്ടറിന് 417 രൂപയും വിപണി വില 752 രൂപയുമാണ്. മറ്റു പ്രദേശങ്ങളില്‍ നികുതിക്ക് അനുസൃതമായി വിലയില്‍ വ്യത്യാസം വരും. സാമ്പത്തിക വർഷം 14.2 കിലോ ഭാരമുള്ള 12 സിലിണ്ടറുകളും അഞ്ചു കിലോയുടെ 34 മിനി സിലിണ്ടറുകളുമാണ് സബ്‌സിഡി നിരക്കിൽ ലഭിക്കുക. സിലിണ്ടർ ലഭിച്ചു കഴിഞ്ഞ് അടുത്തതിനുള്ള തുകയും പുറകെ അക്കൗണ്ടിലേക്ക് വരും.

2013 ജൂണിലാണ് ഈ പദ്ധതിക്ക് രൂപംനല്‍കിയത്. എന്നാല്‍ ആധാർ വിവാദത്തെ തുടർന്ന് കോടതി ഈ വര്‍ഷം ആദ്യം പദ്ധതി നിര്‍ത്തിവച്ചു. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വേണമെന്ന നിബന്ധന ഒഴിവാക്കി പരിഷ്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിപണി വിലയും സബ്സിഡി വിലയും തമ്മിലുള്ള വ്യത്യാസം വരുന്ന തുകയാണ് അക്കൗണ്ടില്‍ വരുന്നത്. സിലിണ്ടര്‍ സ്വീകരിച്ചാല്‍ ഉടന്‍ അടുത്ത അഡ്വാന്‍സ് സബ്സിഡി തുകയും അക്കൗണ്ടില്‍ വരും.