പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ കോൺഗ്രസ് നേതൃത്വത്തിനാണെന്ന് ഉപസമിതി • ഇ വാർത്ത | evartha
Kerala

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ കോൺഗ്രസ് നേതൃത്വത്തിനാണെന്ന് ഉപസമിതി

vപാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ സോഷ്യലിസ്റ്റ് ജനത സ്ഥാനാർത്ഥി എം.പി.വീരേന്ദ്ര കുമാറിന്റെ തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ കോൺഗ്രസ് നേതൃത്വത്തിനാണെന്ന് ഉപസമിതി റിപ്പോർട്ട്. ഡി.സി.സി പ്രസിഡന്റ് സി.വി .ബാലചന്ദ്രനെ പേരെടുത്ത് പറഞ്ഞാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ബാലചന്ദ്രന് വീഴ്ച വന്നു, അണികളെ വേണ്ടവിധം പ്രചരണത്തിന് ഇറക്കാനായില്ല.

 
തെരഞ്ഞെടുപ്പ് സമിതി കൺവീനറെന്ന നിലയിൽഎല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രവർത്തനങ്ങൾ വേണ്ടവിധം നടക്കുന്നു എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വീരേന്ദ്ര കുമാറിന്റെ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന ശുപാശയും കരട് റിപ്പോർട്ടിലുണ്ട്.
തെരഞ്ഞെടുപ്പ് സമിതി കൺവീനർക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നും തെരഞ്ഞെടുപ്പ് ഫണ്ട് പൂർണമായും ചെലവഴിച്ചില്ലെന്നും കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണ പിള്ള അദ്ധ്യക്ഷനായ ഉപസമിതിയുടെ കരട് റിപ്പോർട്ടിൽ പറയുന്നു.

 
തോൽവിയെ കുറിച്ച് അന്വേഷിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ കൺവീനറും ബാലകൃഷ്ണപിള്ള ചെയർമാനുമായി ഉപസമിതി രൂപീകരിച്ചത്.