10 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

single-img
31 December 2014

bar-kerala2208തിരുവനന്തപുരം: 10 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതിനായുള്ള സാധ്യതകള്‍ ആരായാനാണ് മന്ത്രിസഭായോഗത്തില്‍ ധാരണയായിരിക്കുന്നത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ച് 10 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നാണ്. എന്നാല്‍ കോടതി ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ച 10 ബാറുകളില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങുന്നത്.

ജനുവരി അഞ്ചിനു മുമ്പ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതിനു സാധിച്ചില്ലെങ്കില്‍ എക്‌സൈസ് കമ്മീഷണര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.