ആരോഗ്യസ്‌ഥിതി തൃപ്തകരമെങ്കിൽ നാവികനെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി

single-img
31 December 2014

italian_marinesന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നാവികന്‍ മാസിമിലിയാനോ ലത്തോറെയുടെ ആരോഗ്യസ്‌ഥിതി തൃപ്തകരമെങ്കിൽ മാത്രമേ ഇന്ത്യയിലേക്ക്‌ അയയ്‌ക്കൂ എന്ന്‌ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി. മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്‌ ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോയ നാവികനെ ജനുവരിയിൽ ഇന്ത്യയില്‍ തിരികെ എത്തേണ്ടതാണ്‌.

ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നു കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറെ ജിറോണിന്റെ അപേക്ഷയും ഇറ്റലിയിലെ താമസം നീട്ടിക്കിട്ടണമെന്ന ലത്തോറെയുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇറ്റാലിയന്‍ വിദേശകാര്യന്ത്രേി പൗലോ ജെന്റിലോണി നിലപാട്‌ വ്യക്‌തമാക്കിയത്‌. ലത്തോറെയുടെ ആരോഗ്യത്തിനാണ്‌ പ്രഥമ പരിഗണനയെന്ന്‌ അദ്ദേഹം പറഞ്ഞു.

നാവികരുടെ വിഷയത്തില്‍ ഇന്ത്യയും ഇറ്റലിയുമായുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനകളും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്‌. നിര്‍ദിഷ്‌ട സമയത്തിനുള്ളില്‍ ലത്തോറെ തിരികെ വരണമെന്നും. ലത്തോറെ തിരികെ വന്നാല്‍ മാത്രമേ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും കോടതി വ്യക്‌തമാക്കിയിരുന്നു. കേസില്‍ ഇന്ത്യയുമായി നടക്കുന്ന സംഭാഷണങ്ങള്‍ ശരിയായ ദിശയിലല്ല പോകുന്നതെന്ന്‌ ജെന്റിലോണി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ നാവികനെ നിര്‍ദിഷ്‌ട സമയത്തിനുള്ളില്‍ തിരികെ അയയ്‌ക്കുന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചത്‌.