പ്രശസ്‌ത ചലച്ചിത്ര നിര്‍മ്മാതാവ് ടി.ഇ വാസുദേവന്‍ അന്തരിച്ചു

single-img
31 December 2014

Vasudevanകൊച്ചി: പ്രശസ്‌ത ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്ന ടി.ഇ. വാസുദേവന്‍ (97) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറിന് സ്വവസതിയിലായിരിന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ നടക്കും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഭാര്യ എം.കെ.രാധമ്മ, മകള്‍ വത്സല. പ്രഥമ ജെ.സി. ഡാനിയല്‍ പുരസ്‌ക്കാര ജേതാവു കൂടിയാണ് ഇദ്ദേഹം.

1950ല്‍ ജയമാരുതി പിക്‌ചേഴ്‌സിലൂടെയാണ്‌ നിര്‍മ്മാണ രംഗത്തെത്തിയത്‌. 1953ൽ പുറത്തിറങ്ങിയ ആകാശദീപം ആണ് അദ്ദേഹം ആദ്യം നിർമ്മിച്ച ചിത്രം. കൊച്ചിന്‍ എക്‌സ്‌പ്രസ്‌, കണ്ണൂര്‍ ഡീലക്‌സ്‌, ഡെയ്‌ഞ്ചര്‍ ബിസ്‌കറ്റ്‌, ലോട്ടറി ടിക്കറ്റ്‌, സ്‌ഥാനാര്‍ഥി സാറാമ്മ, മായ, എല്ലാം നിനക്കുവേണ്ടി, മധുരപ്പതിനേഴ്‌, കുടുംബം ഒരു ശ്രീകോവില്‍, മൈലാഞ്ചി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി, കാവ്യമേള, ഫുട്‌ബോള്‍ ചാമ്പ്യന്‍, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങിയ മലയാളത്തില്‍ അമ്പതോളം സിനിമകള്‍ നിര്‍മിച്ചു. നായരു പിടിച്ച പുലിവാൽ,​ ഭാര്യമാർ സൂക്ഷിക്കുക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവാണ് വാസുദേവൻ. മലയാളത്തിലെ ആദ്യത്തെ വര്‍ണചിത്രമായ കണ്ടംവെച്ച കോട്ട്‌ വിതരണം ചെയ്‌തത്‌ വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.

ജയ്‌ മാരുതി വാസുദേവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. തൃപ്പൂണിത്തുറയില്‍ ശങ്കരമേനോന്‍-യശോദാമ്മ ദമ്പതികളുടെ മകനായി 1917 ജൂലൈ 17നായിരുന്നു ജനനം.