ഇതുതന്നെ ഏറ്റവും നല്ല മറുപടി, അക്ഷരനഗരിയില്‍ മാലിന്യക്കൂമ്പാരം ജീവിതം വഴിമുട്ടിയപ്പോള്‍ വേറിട്ട സമരരീതിയുമായി നഗരവാസികള്‍ നടുറോഡില്‍

single-img
31 December 2014

unnamdedസമരം കണ്ടുനിന്നവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു ‘ ഇതുതന്നെ ഏറ്റവും നല്ല മറുപടി’. മാലിന്യം മൂലം ജീവിതം വഴിമുട്ടിയ ഒരു ജനതയ്ക്ക് ഇത്തരത്തിലേ പ്രതികരിക്കാന്‍ കഴിയൂ. നഗരത്തില്‍ അശാസ്ത്രീയമായി നഗരസഭാ അധികൃതര്‍ മാലിന്യം കത്തിച്ചതിനെതിരെയാണ് കോട്ടയത്ത് ജനങ്ങള്‍ മാലിന്യവുമായി റോഡിലിറങ്ങിയത്. മത്സ്യാവശിഷ്ടങ്ങളും റോഡരികിലെ മാലിന്യവും എം.ജി റോഡില്‍ കൂട്ടിയിട്ട ശേഷം നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മാത്രമല്ല രാത്രികാലങ്ങളില്‍ രോഡില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

 

 

കോടിമത മത്സ്യമാര്‍ക്കറ്റിനു പിന്നിലെ സ്ഥലത്തു തള്ളിയിരുന്ന മത്സ്യാവശിഷ്ടങ്ങളും തെര്‍മോകോളുമാണ് ഒരു വിഭാഗം നഗരസഭ ജീവനക്കാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കത്തിച്ചത്. മത്സ്യാവശിഷ്ടങ്ങളും തെര്‍മോകോളും കത്തിച്ചപ്പോള്‍ ഉയര്‍ന്ന പുകയും ദുര്‍ഗന്ധവും സമീപത്തെ വീടുകളിലേക്ക് എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 

 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു പോലീസും നഗരസഭാ അധികൃതരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പ്രതിഷേധവുമായി എത്തിയ നാട്ടുകാരില്‍ ചിലര്‍ മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ റോഡിലേക്കു തള്ളി. ഇതോടെ കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി റോഡരികിലെ പാടശേഖരങ്ങളില്‍ തള്ളിയ ചാക്കുകളിലെ മാലിന്യങ്ങള്‍ റോഡിനു നടുവിലേക്കിട്ടു റോഡ് ഉപരോധിച്ചു. നഗരസഭയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ എംജി റോഡില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു മടങ്ങിയത്.