പ്രതികളില്‍ നിന്ന് പിഴ ചുമത്തിയത് കള്ളന്‍ കൊണ്ടുപോയി; ചാലക്കുടി കോടതിയില്‍ വന്‍ കവര്‍ച്ച

single-img
30 December 2014

Vector-Thiefകള്ളന്‍മാര്‍ക്ക് ഇപ്പോള്‍ കോടതിയേയും പേടിയില്ലാതായി. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷണം പോയി. അലമാരയിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. വിവിധ കേസുകളില്‍ പിഴയിനത്തില്‍ ചുമത്തിയ തുകയാണ്  കോടതിയില്‍ കെട്ടിവച്ച്  ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നത്. ഓഫീസിലെ പിന്‍വശത്തെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.  അലമാരയിലെ പ്രത്യേക അറയിലാണ്  പണം സൂക്ഷിച്ചിരുന്നത്.  ഇന്നലെ രാത്രി ഒരുമണിയോടെ ആയിരിക്കാം സംഭവമെന്ന് കരുതുന്നു.

ഇന്നു രാവിലെ ഓഫീസില്‍ എത്തിയ സ്റ്റാഫാണ്  കവര്‍ച്ച നടന്നത് അറിഞ്ഞത്. ഉടന്‍ ജഡ്ജിയെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തിന് പിന്നില്‍ സ്ഥിരം മോഷ്ടാക്കള്‍ ആരെങ്കിലും ആയിരിക്കുമെന്ന് പൊലീസ് കരുതുന്നു. പോലീസ് നായയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.