കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താൻ പാക് ചാരസംഘടനയുടെ പിന്തുണ

single-img
30 December 2014

bബാംഗ്ലൂര്‍: പാക് ചാരസംഘടനയുടെ പിന്തുണയോടെ ഇന്ത്യയിലെ തീവ്രവാദഗ്രൂപ്പുകള്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട് . തീവ്രവാദബന്ധം ആരോപിച്ച് എം.ഐ.എ ചെന്നൈയില്‍നിന്നു കസ്റ്റഡിയിലെടുത്ത അരുണ്‍ ശെല്‍വരാജില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.  ഇന്ത്യയില്‍ സ്‌ഫോടന പരമ്പരകള്‍ നടത്തുന്നതിന് സിമി അടക്കം ഇന്ത്യയിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ഐ.എസ്.ഐ രഹസ്യധാരണയുണ്ടാക്കിയതായും ഇയാള്‍ വെളിപ്പെടുത്തി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനാണു നീക്കം.

നേരത്തേ തമിഴ് പുലികളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ ഐ.എസ്.ഐ. ഏജന്റാണെന്ന് എന്‍.ഐ.എ പറയുന്നു. അരുണ്‍ ശെല്‍വരാജിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് വന്‍തുക എത്തിയെന്ന സൂചനയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കാരണം.

ഞായറാഴ്ച ബംഗളുരുവില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണം ഉടന്‍ ഏറ്റെടുക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് എന്‍.ഐ.എ ശെല്‍വരാജിനെ ചോദ്യം ചെയ്തത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്‌ഫോടന പദ്ധതികള്‍ മറ്റു ഗ്രൂപ്പുകളെ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍.ഐ.എ. കരുതുന്നു. കേരളത്തില്‍ കൊച്ചി തുറമുഖം, കപ്പല്‍ശാല, നെടുമ്പാശേരി കരിപ്പൂര്‍ വിമാനത്താവളങ്ങള്‍, ശബരിമല ഗുരുവായൂര്‍ ക്ഷേത്രങ്ങളടക്കം പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങള്‍ എന്നിവ തീവ്രവാദ ഗ്രൂപ്പുകളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ട്. ഇയാളുമായി ബന്ധമുള്ള ഒട്ടേറെ വി.ഐ.പികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചിട്ടുണ്ട്.