ദേശീയ ഗെയിംസിനായി കേരളം ഒരുങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍

single-img
30 December 2014

national-gamesന്യൂദല്‍ഹി: ദേശീയ ഗെയിംസിനായി കേരളത്തിന്റെ ഒരുക്കങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. 35ാമത് ദേശീയ ഗെയിംസിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ മത്സരത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇതുവരെ കേരളത്തില്‍ എത്തിയിട്ടില്ല. ഏഴ് ജില്ലകളിലായി നടക്കുന്ന ഗെയിംസ് ജനുവരി 31ന് ആരംഭിക്കുന്നത്. .

യൂറോപ്പില്‍ ഓര്‍ഡര്‍ ചെയ്ത ഉപകരണങ്ങള്‍ ജനുവരി 20 മുമ്പെങ്കിലും എത്തിയില്ലെങ്കില്‍ നേരത്തെ ഗെയിംസ് നടന്ന സംസ്ഥാനങ്ങളില്‍ നിന്നോ ഫെഡറേഷനുകളിൽ നിന്നോ താല്‍ക്കാലികമായി ഉപകരണങ്ങള്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ ദേശീയ ഗെയിംസില്‍ 31 ഇനം മത്സരങ്ങളാണുള്ളത്.

അതേസമയം ദേശീയ ഗെയിംസിലെ യോട്ടിങ് ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് മത്സരത്തില്‍ നിന്ന് വനിതകളെ സംഘാടക സമിതി ഒഴിവാക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. നാഷനല്‍ ഗെയിംസ് 2015 ഓര്‍ഗനൈസിങ് കമ്മിറ്റി നോട്ടീസ് ഓഫ് റേസ് എന്ന പേരില്‍ യോട്ടിങ് മത്സര സംബന്ധമായി ഇറക്കിയ കുറിപ്പിലാണ് ഈ വിവരമുള്ളത്.

യോട്ടിങ് മത്സരത്തില്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് വനിതകളുടെ പരിശീലനം കഴിഞ്ഞ ദിവസം നിര്‍ത്തി വച്ചിരുന്നു.മത്സരിക്കുന്നവര്‍ സ്വന്തം യോട്ടുമായി എത്തണമെന്നാണ് ദേശീയ ഗെയിംസ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്. ഇതിന് ഏഴു ലക്ഷത്തോളം ചിലവ് വരും. ഇതേ തുടര്‍ന്നാണ് ഇവര്‍ മത്സരത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നത്.