‘ഇത് ദൈവം തിരികെ തന്ന ജീവിതം’ ;എയര്‍ ഏഷ്യ വിമാനദുരന്തത്തില്‍ നിന്നും പത്തംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
30 December 2014

airasiaഎല്ലാം ദൈവത്തിന്റെ തീരുമാനമായിരുന്നു. അല്ലെങ്കില്‍ ഇന്ന് ഈ ഭൂമിയില്‍ ഞങ്ങള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഇത് പറഞ്ഞുനിര്‍ത്തുമ്പോള്‍ ക്രിസ്റ്റീനയുടെ ശബ്ദം ഇടറി, വാക്കുകള്‍ മുറിഞ്ഞു. ഒരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം ആ വാക്കുകളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയും. പക്ഷേ ഇന്തോനേഷ്യയില്‍ നിന്നുള്ള ക്രിസ്റ്റീന എന്ന 36 കാരിയുടെ മുഖത്ത് ഇപ്പോഴും ഭീതി നിഴലിച്ച് നില്‍ക്കുന്നു.

ക്രിസ്റ്റീന ഉള്‍പ്പെടുന്ന പത്തംഗ കുടുംബം കാണാതായ എയര്‍ ഏഷ്യ വിമാനത്തിലാണ് പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദുരന്തദിവസം എയര്‍ ഏഷ്യ വിമാനം പുറപ്പെടുന്ന സമയം പുനക്രമീകരിച്ച വിവരം അറിയാതെയാണ് ക്രിസ്റ്റീനയും കുടുംബവും വിമാനത്താവളത്തിലെത്തിയത്. ഇവര്‍ വിമാനത്താവളത്തില്‍ എത്തുംമുമ്പ് വിമാനം പുറപ്പെട്ടിരുന്നു. വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടെന്ന് അറിയിച്ച് എയര്‍ ഏഷ്യ അധികൃതര്‍ ആഴ്ചകള്‍ക്ക് മുമ്പ് ഫോണ്‍ മുഖേനയും ഇമെയില്‍ മുഖേനയും ക്രിസ്റ്റീനയെ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

എയര്‍ ഏഷ്യ വിമാനം തകര്‍ന്നു എന്ന വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞെല്ലെന്ന് ക്രിസ്റ്റീന പറഞ്ഞു. സിംഗപ്പൂരിലേക്ക് പലപ്പോഴും യാത്ര നടത്തുമ്പോള്‍ എയര്‍ ഏഷ്യ വിമാനത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സിംഗപ്പൂര്‍ യാത്ര ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ക്രിസ്റ്റീനയും കുടുംബവും. കാണാതായ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന വിശ്വാസമാണ് തനിക്കെന്നും ക്രിസ്റ്റീന പറയുന്നു.