എന്താണു ഇൻഷുറൻസ്,നിങ്ങൾ ഉദ്ദേശിച്ച ഫലം തരുന്നവയാണോ നിങ്ങളുടെ ഇൻഷുറൻസ് പോളിസി

single-img
30 December 2014

M_Id_399522_insuranceനിങ്ങൾക്കെല്ലാവർക്കും തന്നെ ഇൻഷുറൻസ് പോളിസികൾ ഉണ്ടാവും. എന്നാൽ അവ നിങ്ങൾ ഉദ്ദേശിച്ച/ആഗ്രഹിച്ച ഫലം തരുന്നവയാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങിനെയൊന്നു ചിന്തിക്കരുതോ?
[quote color=”#dd3333″ arrow=”yes”]എന്താണ് ഇൻഷുറൻസ്?[/quote]
ഇൻഷുറൻസ് എന്ന് പറഞ്ഞാൽ അപ്രതീക്ഷിതമായുണ്ടായെക്കാവുന്ന ഒരു സംഭവവികാസതിന്റെ പരിണിതഫലമായ നഷ്ടം ഒന്നിൽ നിന്നും മറ്റൊന്നിലേക്കു മാറ്റം ചെയ്യുന്നത്തിനുള്ള ഒരു ഉപാധിയാണ്. ഇത് ഒരു ‘റിസ്ക്‌ മാനേജ്‌മന്റ്‌’ ടൂൾ (ഉപാധി) ആയി വേണം കാണാൻ.
[quote color=”#dd3333″ arrow=”yes”]ഇൻഷുറൻസ് പ്രീമിയം[/quote]
ഇൻഷുറൻസ് പ്രീമിയം എന്നാൽ മേല്പറഞ്ഞ സംഭവ വികാസങ്ങളിൽ നിന്നും ഉണ്ടാകാവുന്ന നഷ്ടത്തിന് സാമ്പത്തിക നഷ്ടപരിഹാരം നല്കി ഒരു നിശ്ചിത കാലത്തേക്ക് നമ്മെ പരിരക്ഷിക്കുന്നതിനു നമ്മൾ കൊടുക്കുന്ന ഫീസ്‌ ആണത്.
‘അപ്രതീക്ഷിതമായുണ്ടായെക്കാവുന്ന ഒരു സംഭവവികാസം’. ഇതെന്താണ്?
1. ജീവഹാനി
2. അംഗവൈകല്യം
3. രോഗബാധ
4. ജോലിനഷ്ടം
5. സാമ്പത്തിക നഷ്ടം (വസ്തുവകകളുടെ നാശനഷ്ടം തുടങ്ങിയവ)
അങ്ങനെ എന്തും ഏതും നമുക്ക് ഇൻഷുർ ചെയ്യാം. പക്ഷെ പലപ്പോഴും നമ്മൾ എടുക്കുന്ന പോളിസി എന്താണെന്നോ, എന്തിനാണെന്നോ, അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്നോ പോലും നമുക്കറിയില്ല.
എല്ലാവരും നിര്ബന്ധമായും തന്നെ എടുത്തിരിക്കേണ്ട ഒന്നാമത്തെ ഇൻഷുറൻസ് ആണ് ‘ടേം (ലൈഫ്) ഇൻഷുറൻസ്’ എന്നാണെന്റെ അഭിപ്രായം.
[quote color=”#dd3333″ arrow=”yes”]ടേം ലൈഫ് ഇൻഷുറൻസ് (TERM INSURANCE)[/quote]
ജീവഹാനിയോ ഗുരുതരമായ അംഗ വൈകല്യമോ സംഭവിച്ചാൽ മാത്രം നഷ്ട പരിഹാരം കിട്ടുന്ന ഒരു ഇൻഷുറൻസ് ആണിത്. അതായത് ഇത് രണ്ടും സംഭവിച്ചില്ലെങ്കിൽ നയാ പൈസ കിട്ടാൻ പോണില്ല. അടച്ച പൈസ മൊത്തം ഗോപി. പിന്നെങ്ങനെ ഇത് പ്രധാനപ്പെട്ടതാണെന്ന് എനിക്ക് തോന്നി?
ഇൻഷുറൻസിന്റെ ഉദ്ദേശം എന്താണ്? ഒന്ന് ആലോചിച്ചു നോക്കുക. സംശയമുണ്ടെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്നത്‌ ഒന്ന് കൂടെ വായിക്കുക. ഇപ്പൊ വ്യക്തമായല്ലോ?
ഇനി എത്ര രൂപയുടെ കവറേജ് എടുക്കണം?
അതിനായി നാം നമ്മുടെ ‘ലൈഫ് വാല്യൂ’ (ജീവിത മൂല്യം) കണക്കാക്കേണ്ടതുണ്ട്‌.
അതെങ്ങനെ കണക്കാക്കും?
പേടിക്കണ്ടാ വളരെ സിമ്പിൾ – നിന്ന നില്പിൽ തട്ടിപോയാൽ കുടുംബത്തിനു എത്ര ബാധ്യത വരും? ഓരോ മാസവും കുടുംബ ചെലവു എത്ര? പ്രതിമാസ സമ്പാദ്യം എത്ര? ബാധ്യത മുഴുവൻ തീർത്തിട്ട്, നിങ്ങള്ക്ക് എല്ലാ മാസവും എത്ര രൂപ വീട്ടിൽ കിട്ടണം? വല്ല പിടിയും കിട്ടുന്നുണ്ടോ..? ഇല്ലെങ്കിൽ വീണ്ടും വിശദീകരിക്കാം.
1. ഉദാഹരണത്തിന് ഒരാളുടെ ആകെ ബാധ്യത വീടിന്റെ ലോണ്‍ 45 ലക്ഷം, ബാകി അല്ലറ ചില്ലറ കടങ്ങൾ 5 ലക്ഷം, അങ്ങനെ 50 ലക്ഷം രൂപ ആകെ കടം ഉണ്ട് എന്ന് വയ്ക്കുക. (ഈ കടങ്ങൾക്കായി ശരാശരി 62,000/- രൂപയോളം പ്രതിമാസ തവണ അടക്കേണ്ടി വരുന്നുണ്ടാവും. )
2. ഒരു മാസം ശരാശരി വീട്ടു ചെലവു 10000 രൂപ യും
3. എല്ലാ മാസവും 20000 നിങ്ങൾ മിച്ചം പിടിക്കാറുണ്ട് എന്നുമിരിക്കട്ടെ
മുകളിലുള്ള മൂന്നും കൂട്ടിയാൽ നിങ്ങളുടെ ഇപ്പോഴത്തെ ലൈഫ് വാല്യൂ കണ്ടുപിടിക്കാൻ പറ്റും.
ഈ സാഹചര്യത്തിൽ പെട്ടെന്നൊരു ദിവസം നിങ്ങളില്ലാതായാൽ വീട്ടുകാരിലേക്ക് അടിച്ചേല്പ്പിക്കുന്ന ബാധ്യതയുടെ ഭീകരത എന്താണെന്നൊന്നു ചിന്തിച്ചിട്ടുണ്ടോ..? 45 ലക്ഷത്തിന്റെ വീടിന്റെ ലോണ്‍., നിലവിലുള്ള ജീവിത നിലവാരം കാത്തു സൂക്ഷിക്കാനായി എല്ലാ മാസവും 30,000 രൂപയുടെ പെറ്റി കാഷ് . അവരിതെവിടുന്നുണ്ടാക്കും? നടക്കില്ല. അതത്ര എളുപ്പമല്ല. കാരണം അവർ നിങ്ങളല്ല.
ഈ ദുരവസ്ഥ ഏറ്റവും കുറഞ്ഞ ചെലവിൽ മറികടക്കാൻ നമുക്ക് എങ്ങനെ സാധിക്കും.? അതിനു നിങ്ങളെ സഹായിക്കുന്ന ഒരേ ഒരു ഇൻഷുറൻസ് ആണ് ടേം ഇൻഷുറൻസ്.
മുകളിൽ പറഞ്ഞ സാഹചര്യമുള്ള ഒരാൾക്ക്‌ ഏറ്റവും ചുരുങ്ങിയത് ഒരു കോടി രൂപയുടെ എങ്കിലും കവറേജ് വേണം. അതായത് ക്ലയിം കിട്ടുന്ന തുക ഒരുകോടി. 45 ലക്ഷം വീടിന്റെ ബാധ്യത തീര്ക്കാം. ബാകി 55 ലക്ഷം ഒരു ബാങ്കിൽ FD (സ്ഥിരനിക്ഷേപം) ഇട്ടാൽ പ്രതിമാസം ശരാശരി 40000 രൂപ പലിശയായി ലഭിക്കും. ആ പലിശ കൊണ്ട് ഇപ്പോഴുള്ള രീതിയിൽ അവര്ക്ക് അവര്ക്കായി നിങ്ങളുണ്ടാകിയ വീട്ടിൽ ആരുടേയും മുമ്പിൽ കൈ നീട്ടാതെ സുഖമായി ജീവിക്കാം.
[quote color=”#dd3333″ arrow=”yes”]ഈ പറഞ്ഞ കവറേജ് കിട്ടുന്നതിനായി എത്ര രൂപ പ്രീമിയം അടക്കേണ്ടി വരും?[/quote]
മുപ്പതു വയസ്സിൽ താഴെയുള്ള പുകവലിക്കാത്ത ഒരാൾക്ക്‌ 30 വര്ഷത്തേക്ക് ഒരു കോടി രൂപക്കായി പ്രതി വര്ഷം 6000 ത്തിനും 10000 നും ഇടയിലാവും പ്രീമിയം. അതായത് ശരാശരി ഒരു 7500/- രൂപ മുടക്കിയാൽ ഒരു വര്ഷത്തേക്ക് പിന്നെ ഒന്നും പേടിക്കണ്ട. നിങ്ങളുടെ റിസ്ക്‌ വെറും 7500/- രൂപയ്ക്കു കവർ ചെയ്യപ്പെട്ടു. എല്ലാ വര്ഷവും ഈ 7500/- മാത്രം അടച്ചാൽ മതി. ഒരു വര്ഷം കള്ളടിക്കുന്നതിന്റെ 1/4 തുക പോലും വരില്ല ഇത്. പ്രായം കൂടും തോറും പ്രീമിയം കൂടും. പുകവലിക്കാർക്ക് പ്രീമിയം കൂടും. ( 30 വര്ഷത്തിനു ശേഷം ഒന്നും പറ്റിയില്ലെങ്കിൽ അപകടം പറ്റിയില്ലല്ലോ എന്നോർത്ത് കരയുന്നവരോട് എനിക്കൊന്നും പറയാനില്ല. ).
എല്ലാ പ്രമുഖ ഇന്ഷുറന്സ് കമ്പനികളും ഈ പോളിസി ഓണ്‍ലൈൻ ആയി തന്നെ തരുന്നുണ്ട്. എജെന്റ്മാരില്ലാത്തതിനാൽ പ്രീമിയം വളരെ കുറവുമാണ്.
എല്ലാ പ്രമുഖ ഇന്ഷുറന്സ് കമ്പനികളും ഈ പോളിസി ഓണ്‍ലൈൻ ആയി തന്നെ തരുന്നുണ്ട്. എജെന്റ്മാരില്ലാത്തതിനാൽ പ്രീമിയം വളരെ കുറവുമാണ്.
പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യങ്ങൾ.
1. നിങ്ങൾ ഒരു കോടിയുടെ കവറേജ് എടുക്കുകയാണെങ്കിൽ ഒരു കാരണവശാലും ഒരു കമ്പനിയിൽ നിന്നും മുഴുവൻ എടുക്കരുത് . 33 ലക്ഷതിന്റെതായി മൂന്നു കമ്പനികളിൽ നിന്നും എടുക്കുക . ഏതെങ്കിലും കാരണവശാൽ ക്ലെയിം റിജക്റ്റ് ആയാൽ പിന്നീട് പ്രശ്നമാവും. ഓടി നടക്കാൻ നിങ്ങൾ ഉണ്ടാവില്ല എന്നോര്ക്കുക. മൂന്നു കമ്പനികൾ ഉണ്ടെങ്കിൽ ക്ലെയിം റിജക്റ്റ് എന്ന റിസ്കും ഒഴിവാക്കാം. ഏതെങ്കിലും ഒരെണ്ണം പാസ് ആയാൽ മറ്റുള്ളവരും കൊടുത്തെ പറ്റൂ. അതാണ്‌ ഐ.ആർ.ഡി.എ നിയമം.
2. അവർ ആവശ്യപ്പെടുന്ന നിങ്ങളുടെ മുഴുവൻ വിവരങ്ങളും ഇൻഷുറൻസ് കമ്പനിക്കു സത്യസന്ധമായി കൈ മാറുക. തെറ്റായ വിവരങ്ങൾ കൈ മാറിയാൽ പിന്നീട് ക്ലെയിം റിജക്റ്റ് ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രീമിയം കുറയ്ക്കുക അല്ല റിസ്ക്‌ ഒഴിവാക്കുക ആണ് നിങ്ങൾ ചെയ്യുന്നത് എന്നോര്ക്കുക.
മേല്പറഞ്ഞ സാഹചര്യം മാനേജ് ചെയ്യാൻ പറ്റാത്ത ഒരു പോളിസിക്കും ഇൻഷുറൻസ് കൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം തരാൻ പറ്റില്ല . നിങ്ങളുടെ നിലവിലുള്ള പോളിസികൾ ഒന്ന് കൂടി പരിശോധിച്ച് ഞാൻ പറഞ്ഞ രീതിയിൽ ഒന്ന് കണക്കു കൂട്ടി നോക്കൂ.. മിക്കവാറും ഏജന്റുമാർ ഇക്കാര്യങ്ങൾ നിങ്ങളോട് വിശദീകരിചിരിക്കാൻ വഴിയില്ല. അതിനു കാരണം ഇപ്പോളിസിക്ക് കമ്മിഷൻ കുറവാണ്. ഒന്നോർക്കുക, സമ്പാദ്യം(saving), നിക്ഷേപം(investment), സുരക്ഷ (insurance coverage). ഇവ മൂന്നും തികച്ചും വ്യത്യസ്തമാണ്. അത് മറക്കുര്തെന്നു മാത്രമല്ല കൂട്ടികുഴക്കുകയുമരുത്. ഒന്നുമൊന്നും കിട്ടാതെ വരും.