ദുരന്ത ഞായര്‍; 162 യാത്രക്കാരുമായി എയര്‍ ഏഷ്യ വിമാനം കാണാതായി, അഞ്ഞൂറോളം യാത്രക്കാരുമായി പോയ ഇറ്റാലിയന്‍ കപ്പല്‍ തീപിടിച്ചു, നാനുറിലധികം യാത്രക്കാരുമായി ഇറ്റലിയിലേക്ക് പോയ ഗ്രീസ് ബോട്ടിന് തീ പിടിച്ചു

single-img
29 December 2014

Italianഈ വര്‍ഷത്തെ അവസാന ഞായര്‍ ദുരന്ത ഞായറായി മാറി. 162 യാത്രക്കാരുമായി പോയ എയര്‍ ഏഷ്യവിമാനം അപ്രത്യക്ഷമായതാണ് ലോകത്തെ ഞെട്ടിച്ച സംഭവം. അതിന്റെ തുടര്‍ച്ചയെന്നോണം ഇറ്റലി- ഗ്രീസ് അതിര്‍ത്തിയിലെ രണ്ട് കപ്പല്‍ ദുരന്തങ്ങളും ലോകത്തെ നടക്കി.

ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് 162 യാത്രക്കാരുമായി പോയ എയര്‍ ഏഷ്യ വിമാനം കാണാതായി. qz 8501 എന്ന വിമാനമാണ് കാണാതായത്. ഇന്തോനേഷ്യയില്‍ നിന്നും പുറപ്പെട്ട് 42 മിനിറ്റിനു ശേഷമാണ് വിമാനവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 8:30 നായിരുന്നു സിംഗപ്പൂരില്‍ എത്തേണ്ടിയിരുന്നത്. പതിവ് പാതയില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ നല്‍കിയിരുന്നില്ല. പാതമാറി സഞ്ചരിക്കുവാനുള്ള അനുവാദം ചോദിച്ചുകൊണ്ടുള്ള പൈലറ്റിന്റെ ഈ സന്ദേശമായിരുന്നു അവസാനമായി വിമാനത്തില്‍ നിന്ന് ലഭിച്ചത്.

അഡ്രിയാറ്റിക് സമുദ്രത്തില്‍ തീപിടിച്ചു മുങ്ങുന്ന ഇറ്റാലിയന്‍ കടത്തുകപ്പല്‍ നോര്‍മന്‍ അറ്റ്‌ലാന്റിക്കിലെ യാത്രികരില്‍ 190 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കപ്പലില്‍ ശേഷിക്കുന്ന 280 ലധികം യാത്രികരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. ഇവരെ രക്ഷിക്കാന്‍ ഹെലികോപ്്റ്ററുകളും കപ്പലുകളും ശ്രമം തുടരുന്നു. യാത്രികരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

പടിഞ്ഞാറന്‍ ഗ്രീസിലെ പത്രാസില്‍നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്കു തിരിച്ച കടത്തു കപ്പലില്‍ 222 വാഹനങ്ങളുണ്ട്. ഇന്നലെ രാവിലെ പ്രാദേശികസമയം ആറു മണിക്കാണ് കപ്പലിന്റെ താഴത്തെ ഡക്കിലെ ഗാരേജില്‍ തീ കണ്ടത്. 478 യാത്രികരും ജീവനക്കാരും സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ പതാക വഹിക്കുന്ന കടത്തുകപ്പല്‍ കോര്‍ഫ്യൂ ദ്വീപിനു സമീപം എത്തിയപ്പോഴാണു ദുരന്തം.

ഗ്രീസ് തീരത്ത് നിരവധി യാത്രക്കാരും വാഹനങ്ങളുമായിപ്പോയ കടത്ത് ബോട്ടിനു തീപിടിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

ഗ്രീസില്‍ നിന്നും ഇറ്റലിയിലേക്ക് പോയബോട്ടിനാണ് തീപിടിച്ചത്. ബോട്ടില്‍ 411 യാത്രക്കാരും 55 ജീവനക്കാരുമുണ്ടായിരുന്നു. ഇതില്‍ 200 വാഹനങ്ങളും സൂക്ഷിച്ചിട്ടുണ്ട്. കോര്‍ഫു ദ്വീപിന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. അതിശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുകയാണ്. അതിശൈത്യവും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.