കുവൈത്തിൽ ഫിലിപ്പീനോ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു മലയാളികളെ വെറുതെ വിട്ടു

single-img
29 December 2014

malayaliകുവൈത്ത് സിറ്റി: ഫിലിപ്പീനോ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്നു മലയാളികളെ കുവൈത്ത് ക്രിമിനല്‍ കോടതി വിട്ടയച്ചു. താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവരെയാണു പ്രോസിക്യൂഷനു കുറ്റം തെളിയിക്കാനാകാത്തതിനെ തുടര്‍ന്നു കുറ്റവിമുക്‌തരായത്‌.

Support Evartha to Save Independent journalism

കൊലപാതകം, കവര്‍ച്ച, തെളിവ്‌ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്‌. കഴിഞ്ഞ ഫെബ്രുവരി 11നാണു ജമീല ഗോണ്‍സാലസിനെ ഫര്‍വാസിയയിലെ താമസ സ്‌ഥലത്ത്‌ തീപിടിച്ചുമരിച്ച നിലയില്‍ കണ്ടെത്തിയത്‌. തീപിടിത്തത്തെ തുടര്‍ന്നു മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ അന്വേഷണത്തില്‍ യുവതിയെ കഴുത്ത്‌ ഞെരിച്ചു കൊന്നശേഷം തെളിവ്‌ നശിപ്പിക്കാനായി ഫ്‌ളാറ്റിനു തീവയ്‌ക്കുകയായിരുന്നെന്നു കണ്ടെത്തി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് അജിത്തും പിന്നാലെ സഹപ്രവര്‍ത്തകരാണു ടിജോയും തുഫൈലും പിടിലാകുന്നത്.

പലിശക്ക്‌ പണം കടം കൊടുക്കാറുണ്ടായിരുന്ന സ്‌ത്രീയില്‍നിന്നു വന്‍തുക വാങ്ങിയിരുന്ന അജിത്‌ പണം തിരിച്ചടക്കാതിരിക്കാന്‍ അവരെ കഴുത്ത്‌ ഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇവര്‍ക്കെതിരെ ചുമത്തിയ കൊലപാതകം, കവര്‍ച്ച, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ മൂന്നുപേരെയും കോടതി വിട്ടയയ്ക്കുകയായിരുന്നു.