വിമാനം വൈകി ജോലി നഷ്ടപ്പെട്ട യാത്രക്കാരന് 3.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

single-img
29 December 2014

AirPortവിമാനം വൈകിയതു മൂലം യാത്രക്കാരന് ജോലിയും വീസയും നഷ്ടമാകാന്‍ ഇടയാക്കിയതിനാല്‍ വിമാന കമ്പനി 3,15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. കോട്ടയ്ക്കലിനടുത്ത എടരിക്കോട് കുറ്റിപ്പാല പഞ്ചിനിക്കാടന്‍ ബീരാന്റെ മകന്‍ ഉസ്മാന്‍ നല്‍കിയ പരാതിയിലാണ് വിധി. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കേണ്ടത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കരിപ്പൂര്‍, കോഴിക്കോട് മാനേജര്‍മാര്‍, കുറ്റിപ്പാല നൗഫല്‍ ട്രാവല്‍സ് മാനേജര്‍ എന്നിവരാണെന്നും കോടതി പറഞ്ഞു.

2010 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം രാത്രി 9.25ന് കരിപ്പൂരില്‍ നിന്നു ദുബായിയിലേക്കു പുറപ്പെടേണ്ട എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ 8800 രൂപയ്ക്ക് ഉസ്മാന്‍ ടിക്കറ്റെടുത്തിരുന്നു. കൃത്യ സമയത്ത് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാര്‍ മൂലം തിരിച്ചിറക്കുകയും പിറ്റേന്നു രാവിലെ ഒമ്പതരയ്ക്ക് പുറപ്പെടുമെന്ന് യാത്രക്കാരെ അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ രാത്രി ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. പക്ഷേ 2010 ഒക്‌ടോബര്‍ 30ന് വീസ കാലാവധി തീരുന്നതിനാല്‍ ഉസ്മാനെ യാത്ര ചെയ്യാന്‍ വിമാന അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

തന്നെ ദുബായിയിലെത്തിച്ചാല്‍ കരമാര്‍ഗം മസ്‌ക്കറ്റിലേക്ക് പൊയ്‌ക്കൊള്ളാമെന്ന ഉസ്മാന്റെ അപേക്ഷയും വിമാന കമ്പനി ചെവിക്കൊണ്ടില്ല. അവസാന നിമിഷത്തേക്ക് യാത്ര നീട്ടിവച്ചത് പരാതിക്കാരന്റെ അശ്രദ്ധയാണെന്നും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് വിമാനം ഒരു ദിവസം വൈകിയതെന്നുമായിരുന്നു ഈ കാര്യത്തില്‍ കോടതിയില്‍ കമ്പനി നല്‍കിയ വിശദീകരണം. എന്നാല്‍ 2010 ഒക്‌ടോബര്‍ 28ന് തന്നെ ബോര്‍ഡിംഗ് പാസെടുത്തിരുന്നുവെന്നും വിമാനത്തില്‍ പ്രവേശിച്ച ശേഷമാണ് യാത്ര മുടങ്ങിയതെന്നും യന്ത്രത്തകരാറുണെ്ടങ്കില്‍ മറ്റൊരു വിമാനത്തില്‍ തന്നെ അയയ്ക്കാമായിരുന്നുവെന്നുമുള്ള ഉസ്മാന്റെ വാദം കോടതലി അംഗീകരിക്കുകയായിരുന്നു.

പ്രതികളോട് നഷ്ടപരിഹാരമായ മൂന്നു ലക്ഷം രൂപയും കോടതി ചെലവായ 15000 രൂപയും ഒരു മാസത്തിനകം കെട്ടിവയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.