എയര്‍ ഏഷ്യയെ കാത്തിരിക്കുന്നതും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ദുര്‍വിധിയോ……ചോദ്യചിഹ്നമായി മനുഷ്യന്റെ സാങ്കേതിക ജ്ഞാനവും

single-img
29 December 2014
air-asia-planeഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് എന്ത് സംഭവിച്ചു? ഈ ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടാതെ നില്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം കാണാതായ എയര്‍ ഏഷ്യ വിമാനത്തെ കാത്തിരിക്കുന്നതും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ദുര്‍വിധി തന്നെയാണോ എന്ന് ലോകം ഭയക്കുന്നു.കാണാതായി ഒരു ദിവസം പിന്നിട്ടും വിമാനത്തെ സംബന്ധിച്ച് ഒരു സൂചനയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ യാത്രക്കാര്‍ ആരും തന്നെ ജീവനോടെ ഉണ്ടാകില്ല എന്ന നിഗമനത്തിലുമാണ് രക്ഷാപ്രവര്‍ത്തകര്‍.
ഇന്തോനേഷ്യയില്‍ നിന്നും സിങ്കപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനമാണ് കഴിഞ്ഞ ദിവസം കാണാതായത്. മലേഷ്യന്‍ വിമാനത്തിന് സമാനമായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നഷ്ടമായശേഷം വിമാനത്തെക്കുറിച്ച് ഇതുവരെ ഒരുസൂചനയുമില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് മേഘങ്ങള്‍ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാനായി 38000 അടി ഉയരത്തില്‍ പറന്നിരുന്നതായാണ് വിവരം. ഇതിനുശേഷം വിമാനവുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും വിച്ഛദിക്കപ്പെടുകയായിരുന്നു. വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ കരയിലും കടലിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഒരു വിവരവും ഇതുവരെയായി ലഭിച്ചിട്ടില്ല. തിരച്ചിലിനായി എയര്‍ ഫോഴ്‌സ്, നേവി എന്നീ വിഭാഗങ്ങളുടെ സേവനം സിങ്കപ്പൂര്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. മാത്രമല്ല ലോകം രാഷ്ട്രങ്ങള്‍ എല്ലാം തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.  ബ്ലാക്‌ബോക്‌സിന്റെ സിഗ്‌നലുകള്‍കൂടി നഷ്ടമായാല്‍ വിമാനം കണ്ടെത്താനുള്ള അവസാന അവസരവും നഷ്ടമാകും.