അന്യസംസ്ഥാനക്കാര്‍ അവര്‍ താമസിച്ചിരുന്ന വീടിനു മുന്നില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് വീട്ടുടമസ്ഥന് 5000 രൂപ പിഴയും മാലിന്യം തിരികെ വാരലും

single-img
27 December 2014

Bengalഅന്യസംസ്ഥാന തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന വീടിനുമുന്നില്‍ വലിച്ചെറിഞ്ഞ മാലിന്യം അവരെ കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് വീട്ടുടമയില്‍ നിന്ന് പിഴ ഈടാക്കി.

ആനപ്പാറയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് ദിനത്തിലാണ് അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുന്നില്‍ ചാക്ക് കണക്കിന് മാലിന്യങ്ങള്‍ കൊണ്ട് തട്ടിയത്. മാലിന്യം കുന്നുകൂടി കിടക്കുന്നത് കണ്ട വാര്‍ഡ് കൗണ്‍സിലര്‍ എം.സി. ഷെരീഫ് ചെയര്‍മാനെയും ആരോഗ്യ വിഭാഗം ജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു.

അവരുടെ മുന്നില്‍ മാലിന്യം തന്റെ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ വലിച്ചെറിഞ്ഞതാണെന്ന് ഉടമ സമ്മതിച്ചു. തുടര്‍ന്ന് വലിച്ചെറിഞ്ഞ തൊഴിലാളികളെ വിളിച്ചു വരുത്തി മാലിന്യം അവരെക്കൊണ്ട് തന്നെ തിരികെ എടുപ്പിക്കുകയും ഉടമയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നു.

മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന വീട്ടുടമസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും അനധികൃതമായി താമസിപ്പിക്കുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ എ. സുരേഷ്‌കുമാര്‍ അറിയിച്ചു.