പാക് വെടിവെയ്പ്പില്‍ നഷ്ടപ്പെട്ടത് വലതുകാല്‍; എന്നാലും വിനോദ് ഇനിയും പോരാടാന്‍ അതിര്‍ത്തിയിലേക്ക് തന്നെ

single-img
24 December 2014

Vinodആംബുഷ് എന്ന് പട്ടാളഭാഷയില്‍ പറഞ്ഞാല്‍ പതിയിരുന്നുള്ള ആക്രമണം. അതായിരുന്നു കഴിഞ്ഞ മെയ് 18 ന് രാവിലെ 10.30ന് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നടത്തിയത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങളുടെ തുടക്കം ഈ ആക്രമണത്തോടെയായിരുന്നു. മ്രദാസ് റെജിമെന്റിലേയും മറാത്ത റെജിമെന്റിലേയും സൈനികരുടെ പത്തംഗസംഘം അക്‌നൂല്‍ ജില്ലയിലെ അതിര്‍ത്തി വൈദ്യുത സുരക്ഷാവേലിയില്‍ പരിശോധന നടത്തവേ അതിര്‍ത്തിക്കപ്പുറത്തുനിന്നു പാകിസ്ഥാന്റെ ഷെല്ലുകളും വെടിയുണ്ടകളും ചീറിയെത്തുകയായിരുന്നു.

പാക് സൈനികരുടെ വെടിയേറ്റ് മറാത്ത റെജിമെന്റിലെ ശിപായി ബികാലെ ഉത്തംബാലു സംഭവസ്ഥലത്തുവച്ചു തന്നെ ജീവന്‍വെടിഞ്ഞു. കര്‍ണാടക ഗുല്‍ബര്‍ഗ സ്വദേശി ലാന്‍സ്‌നായിക് അമോല്‍കുമാറിന്റെ ഇടതുകൈ വെടിയേറ്റു ചിതറി. അവിടെവെച്ചുതന്നെയാണ് എളയാവൂരിലെ തൃക്കോത്ത് വിനോദ് എന്ന നാല്‍പ്പതു വയസ്സുകാരന്‍ പട്ടാളക്കരന്റെ വലതുകാല്‍ പാകിസ്ഥാന്റെ സ്‌ഫോടനത്തില്‍ നഷ്ടപ്പെട്ടത്.

ആ സംഭവം കഴിഞ്ഞ് രണ്ടരമാസം ഉധംപൂര്‍ സൈനിക ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് (എംഇജി) ഹവില്‍ദാറായ വിനോദിന്റെ വലതുകാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റിയത്. പിന്നീട് മൂന്നുമാസം പൂനെ ആര്‍മി ആര്‍ട്ടിഫിഷല്‍ ലിംബ് സെന്ററില്‍. കൃത്രിമക്കാല്‍വച്ചു നടക്കാനുള്ള പരിശീലനം സ്വായത്തമാക്കി മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഡിസംബര്‍ ഒരുമാസത്തെ അവധിയില്‍ വിനോദ് നാട്ടിലെത്തിയത്.

രാജ്യസ്‌നേഹവും സൈനിക സ്‌നേഹവും വിനോദിന് യാദൃശ്ചികമായി വന്നു ചേര്‍ന്നതല്ല. എളയാവൂര്‍ ക്ഷേത്രത്തിനു സമീപത്തെ പരേതരായ കീഴടത്ത് ഗോവിന്ദന്‍ നമ്പ്യാര്‍-മാവില കാര്‍ത്ത്യായനി ദമ്പതികളുടെ മകനായ വിനോദിന്റെ ആറു സഹോദരന്മാരില്‍ രണ്ടുപേര്‍ സൈനികരായിരുന്നു. വിനോദിനായി പണിയുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ തറവാട് വീടിനടുത്ത ജേഷ്ഠന്റെ വീട്ടിലാണ് വിനോദ് ഇപ്പോള്‍.

”സത്യം പറഞ്ഞാല്‍ വലതുകാല്‍ നഷ്ടപ്പെട്ടതറിഞ്ഞ് ആദ്യം തളര്‍ന്നുപോയതായിരുന്നു. പക്ഷേ ചികിത്സ പുരോഗമിച്ചതോടെ തന്റെ പ്രയത്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ഇനിയും രാജ്യത്തിനു വേണ്ടി പോരാടണമെന്നും മനസിലുറപ്പിച്ചു. ഭീരുത്വവും ഒളിച്ചോട്ടവും ഒരു പട്ടാളക്കാരനു പറഞ്ഞിട്ടുള്ളതല്ല. പരിക്കേറ്റതിന്റെ പേരില്‍ ഞാന്‍ പിന്മാറിയാല്‍ എനിക്ക് പിന്‍ഗാമികളായി വരുന്ന ജവാന്മാര്‍ക്ക് അതു തെറ്റായ സന്ദേശമാകും. അതിനാല്‍ വീണ്ടും രാജ്യത്തിന് വേണ്ടി ഞാന്‍ കാശ്മീരിലേക്കു തന്നെ പോകുകയാണ്”. നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായി വിനോദിന്റെ വാക്കുകള്‍.

അപകടത്തില്‍ പരിക്കേറ്റ് അംഗഭംഗം വന്ന പട്ടാളക്കാര്‍ക്ക് ഓഫീസ് ജോലിയാണ് സൈന്യം പിന്നീട് നല്‍കുകയെങ്കിലും അതിര്‍ത്തിയില്‍ സാധാരണ ജവാന്മാരെ പോലെ തന്നെ ജോലിചെയ്യാനാണു ഇനിയും വിനോദ് ആഗ്രഹിക്കുന്നത്. 21 വര്‍ഷമായി രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു പട്ടാളക്കാരന്റെ ഉറച്ച മനസ്സാണിത്.

എന്നാല്‍ നാടിനുവേണ്ടി പോരാടി കാല്‍ നഷ്ടപ്പെട്ടെത്തിയ സൈനികനെ സ്വീകരിക്കാന്‍ അധികാരികള്‍ ആരും എത്താത്തത് വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചത്. അതിന്റെ ഫലമാണെന്ന് തോന്നുന്നു ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍, എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ, മറ്റു പഞ്ചായത്ത് ഭരണാധികാരികള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു.

ധന്യയാണു വിനോദിന്റെ ഭാര്യ. വിദ്യാര്‍ഥികളായ വജ്‌റ, സാന്ദ്ര എന്നിവര്‍ മക്കളും.