70 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഐക്യരാഷ്ട്ര സഭ മോഡല്‍ അസംബ്ലിയില്‍ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള അവാര്‍ഡ് ആലപ്പുഴക്കാരി ആമിനാ റഫീക്കിന്

single-img
23 December 2014

Aminaഐക്യരാഷ്ട്ര സഭ മോഡല്‍ അസംബ്ലിയില്‍ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള അവാര്‍ഡ് എഴുപതു രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ പിന്തള്ളി ആലപ്പുഴക്കാരി ആമിനാ റഫീക്ക് സ്വന്തമാക്കി. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന ഐക്യരാഷ്ട്ര സഭ മോഡല്‍ അസംബ്ലിയിലാണ് മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള ഔട്ട് സ്റ്റാന്‍ഡിങ് ഡെലിഗേഷന്‍ അവാര്‍ഡ് ആമിന നേടിയത്.

മാത്രമല്ല കൂട്ടായ പ്രയത്‌നത്തിനുള്ള ഡിസ്റ്റിങ്ങ്യൂഷ്ഡ് ഡെലിഗേഷന്‍ അവാര്‍ഡും ബെംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ബിബിഎ എല്‍എല്‍ബി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ അമീന നേടി. ആലപ്പുഴ കിടങ്ങാംപറമ്പ് ജില്ലാ കോടതി റോഡ് ഷെറിന മന്‍സിലില്‍ അഭിഭാഷകനായ ഇ. റഫീഖിന്റെയും സജിലയുടെയും മകളാണ് ഈ മിടുക്കി.

ഈ വര്‍ഷം ജൂണില്‍ പോളണ്ടില്‍ നടന്ന എമര്‍ജിങ് മാര്‍ക്കറ്റ്‌സ് ബിസിനസ് കോണ്‍ഫറന്‍സില്‍ ബെസ്റ്റ് ഡിബേറ്ററായി കേരളത്തെ വാനോളം ഉയര്‍ത്തിയും ആമിന ശ്രദ്ധേയയായിട്ടുണ്ട്. ആലപ്പുഴ കോ-ഇന്‍ചി അക്കാദമിയില്‍ നിന്നാണു കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആമിന ഭരതനാട്യം, കുച്ചിപ്പുഡി, നാടോടി നൃത്തം, ഇംഗ്ലിഷ് ഉപന്യാസം, പദ്യോച്ചാരണം, പ്രസംഗം തുടങ്ങി മലിക്കവാറും എല്ലാ മേഖലയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ആമിനയുടെ അവിസ്മരണീയ നേട്ടം നീലിമ വിദ്യാഭവന്‍ എംബിഎ സ്റ്റുഡന്റ്‌സും റോയല്‍ ലൈന്‍ റസിഡന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് ആഘോഷിച്ചു. സമ്മേളനം തോമസ് ഐസക് എംഎല്‍എ ഉദ്ഘാടനം ചെയ്തു.