വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത അധ്യാപകന്റെ മുഖത്ത് വിദ്യാര്‍ത്ഥിനി ആസിഡ് ഒഴിച്ചു

single-img
22 December 2014

Girl-throws-acid-on-lecturer-1വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത അധ്യാപകന്റെ മുഖത്ത് വിദ്യാര്‍ത്ഥിനി ആസിഡൊഴിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ നല്ലപാഡുവിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ വെച്ച് വിശാഖപട്ടണത്ത് എം.എസ്.സി മാത്തമാറ്റിക്‌സിന് പഠിക്കുന്ന ഗിഞ്ചുപള്ളി സൗജന്യയാണ് അവിടുത്തെ മുന്‍ അധ്യാപകനായ വെങ്കിട്ടരാമണ്ണയുടെ ദേഹത്ത് ആസിഡൊഴിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നാണ് അറസ്റ്റിലായ സൗജന്യ പോലീസിനോട് പറഞ്ഞു. നേരത്തേ മറ്റൊരു നഗരത്തില്‍ ഡിഗ്രി കോളേജില്‍ അദ്ധ്യാപകനായിരുന്ന വെങ്കിട്ടരാമണ്ണ അവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന സൗജന്യമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നല്ലപാഡുവിലെ കോളജില്‍ ജോലിക്ക് ചേര്‍ന്ന വെങ്കിട്ടരാമണ്ണ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചെത്തിയ സൗജന്യ കോളജിന്റെ പ്രധാന ഗേറ്റിനടുത്ത് വച്ചാണ് പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തിയത്. പിടിവലിക്കിടയില്‍ സൗജന്യയുടെ മുഖത്തും ആസിഡ് വീണിരുന്നു. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കിട്ടരാമണ്ണ ഗുണ്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.