ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന താലിബാനിസം

single-img
22 December 2014

1_9‘ഭീകരപ്രവര്‍ത്തനം’ ലോകത്തെ ബാധിച്ച അര്‍ബുദമെന്നാകും ഭീകരതയെ ആധുനികസമൂഹം വിശേഷിപ്പിക്കുക. ഇന്ന് ലോകസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷവും ഒരേസ്വരത്തില്‍ വിരല്‍ചൂണ്ടുന്നതും ഭീകരപ്രവര്‍ത്തനത്തിന് നേരെയായിരിക്കും. ഹീനമായ പ്രവര്‍ത്തിയിലൂടെ രക്തചൊരിച്ചില്‍ സൃഷ്ടിച്ചപ്പോള്‍ ഭീകരര്‍ ലോകസമൂഹത്തിനായി കരുതിവെച്ചതും ഹൃദയഭേദകമായ കാഴ്കളായിരുന്നു. ഹൃദയം തകര്‍ക്കുന്ന അത്തരം ദൃശ്യങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് പാകിസ്ഥാനിലെ സൈനികസ്‌കൂളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടത്.

വര്‍ഷങ്ങളായി തീവ്രവാദം ലോകസമൂഹത്തെ വേട്ടയാടുമ്പോള്‍ അതിന് ഇരകളാകേണ്ടിവന്നവരില്‍ ഏറെയും സാധാരണക്കാരായ മനുഷ്യജന്മങ്ങളാണ്. ആദ്യകാലങ്ങളില്‍ താലിബാനും അല്‍ഖ്വ ദയുമാണ് ഭീകരതയുടെ മുഖമായി നിലകൊണ്ടതെങ്കില്‍ അതിന്ന് സിറിയയിലും ഇറാഖിലുമായി ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കാന്‍ വളര്‍ന്നിരിക്കുന്ന ഐഎസില്‍ വരെ എത്തിനില്‍ക്കുന്നു. ഇതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും പ്രമുഖ തീവ്രവാദിസംഘടനകളുടെ സഹായത്താല്‍ പ്രാദേശിക തീവ്രവാദഗ്രൂപ്പുകള്‍ ഉടലെടുത്തു എന്നതും ഏറെ ഭീതിജനകമായ കാര്യം തന്നെ.

tഎണ്ണിയാല്‍ തീരാത്ത ഭീകരസംഘടനകള്‍ വിവിധരാജ്യങ്ങളിലായി പ്രവര്‍ത്തിക്കുമ്പോഴും ക്രൂരതയുടെ കാര്യത്തില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ല എന്ന് ലോകത്തിന് മുമ്പില്‍ ഒരിക്കല്‍കൂടി കാട്ടിതരികയാണ് താലിബാന്‍. ഭീകരതക്കെതിരെ പോരാടാന്‍ പാക്ക് ഭരണകുടത്തിന് നട്ടല്ലില്ല എന്ന് വെളിവാകുന്നതാണ് സൈനിക സ്‌കൂളിലെ താലിബാന്‍ ആക്രമണം.

1990 ല്‍ വടക്കന്‍ പാകിസ്ഥാനിലാണ് താലിബാന്‍ എന്ന തീവ്രവാദസംഘടന സജീവമാകുന്നത്. 1994ല്‍ അഫ്ഗാനിസ്ഥാനിലും താലിബാന്‍ ശക്തിയാര്‍ജ്ജിച്ചു. പഷ്തൂണ്‍ വിഭാഗത്തില്‍പ്പെട്ടവരാണ് താലിബാന്‍ അനുയായികളില്‍ ഭൂരിഭാഗവും. ആദ്യകാലത്ത് സൗദി അറേബ്യയുടെ സഹായവും താലിബാന് ലഭിച്ചിരുന്നു. സോവിയറ്റ് അധിനിവേശത്തിനെതിരായ നീക്കങ്ങള്‍ക്ക് അമേരിക്കയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താലിബാനെ വളര്‍ത്തി. മാറിമാറിവന്ന പാക്ക് സര്‍ക്കാരുകളും താലിബാനെ സഹായിക്കുന്ന കാഴ്ചയും ലോകസമൂഹം കണ്ടു. കഴിഞ്ഞ മെയ് മാസത്തില്‍ അധികാരത്തിലേറിയ നവാസ് ഷെരീഫ് സര്‍ക്കാരിനും പാക്കിസ്ഥാനിലെ താലിബാന്‍ പോരാളികളെ അടിച്ചമര്‍ത്താന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. മാത്രമല്ല കറാച്ചി കേന്ദ്രീകരിച്ച് താലിബാന്റെ സ്വാധീനം വര്‍ദ്ധിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

talibanപാകിസ്ഥാനിലെ മദ്രസകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഫ്ഗാന്‍ പൗരന്‍മാരാണ് താലിബാന്റെ ആദ്യകാല പോരാളികളില്‍ ഏറിയപങ്കും.ശക്തിയാര്‍ജ്ജിച്ച മേഖലകളില്‍ മുസ്ലീം ശരിയത്ത് നിയമം നടപ്പിലാക്കുകയാണ് താലിബാന്റെ പ്രഖ്യാപിത ലക്ഷ്യം. കുറ്റവാളികള്‍ക്ക് മുസ്ലിം നിയമം അനുശാസിച്ച് കടുത്ത ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതിനെ താലിബാന്‍ അനുകൂലിക്കുന്നു. പുരുഷന്‍മാര്‍ താടി നീട്ടി വളര്‍ത്തണമെന്നും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്നുമുള്ള നിര്‍ദേശം അനുസരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതാണ് താലിബാന്റെ രീതി. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും താലിബാന്‍ എതിര്‍ക്കുന്നു.

TWIN TOWERS2001ല്‍ സെപ്തംബറില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് താലിബാന്‍ ലോകശ്രദ്ധയില്‍ വരുന്നത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒസാമ ബിന്‍ ലാദന് വേണ്ട സുരക്ഷിത ഇടം നല്‍കിയത് അഫ്ഗാനിലെ താലിബാന്‍ ആയിരുന്നു. മുല്ല ഒമറാണ് ഇപ്പോള്‍ അഫ്ഗാനിലെ താലിബാനെ നിയന്ത്രിക്കുന്നത്. യുഎസ് സൈനിക നടപടിയെ തുടര്‍ന്ന് അഫ്ഗാന്‍ വിട്ട മുല്ല ഒമറും മറ്റ് അനുയായികളും പാകിസ്ഥാനിലാണ് ഇപ്പോഴുള്ളത്.

അധികാരം നഷ്ടപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും താലിബാന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല എന്നതാണ് യാഥാര്‍ത്യം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തലസ്ഥാന നഗരമായ കാബൂള്‍ നിരവധി ആക്രമണങ്ങള്‍ നടന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടു. 2012 സെപ്തംബറില്‍ നാറ്റോ ക്യാമ്പില്‍ നടന്ന ആക്രമണമായിരുന്നു ഇതിലൊന്ന്. 2012ല്‍ താലിബാന്‍ ആക്രമണങ്ങളില്‍ 1,800 പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്നും വ്യക്തമാണ്.