വിശ്വാസികള്‍ ആ സുവര്‍ണ്ണ നിമിഷത്തിനായി കാത്തിരിക്കുന്നു, യാക്കോബായ-ഓര്‍ത്തഡോക്‌സ് ഐക്യം സാധ്യമാകുമോ?

single-img
22 December 2014
unnamedകൊച്ചി: ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മലങ്കര(കേരള)സന്ദര്‍ശനത്തെ വിശ്വാസികള്‍ ആകാംഷയോടാണ് ഉറ്റുനോക്കുന്നത്. ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തോടെ വര്‍ഷങ്ങളായി രണ്ടു സഭകളായി കഴിയുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളുടെ ഐക്യത്തിന് സാധ്യമാകുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യാക്കോബായ സഭയുടെ അടിയന്തിര സുന്നഹദോസില്‍ മഞ്ഞിനിക്കര പെരുന്നാളിനോട് അനുബന്ധിച്ച് പാത്രിയാര്‍ക്കീസിനെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് അടങ്ങുന്ന സംഘത്തെ നിശ്ചയിച്ചിരുന്നു.സംഘം ദമസ്‌ക്കാസിലേയ്ക്ക് ഉടന്‍ പോകും. നാളുകളായി പാത്രിയാര്‍ക്കിസിനെ ക്ഷണിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സഭയിലെ ക്രമസമാധാനം തകരുമെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ സന്ദര്‍ശനത്തെ എതിര്‍ക്കേണ്ടതില്ലന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം. ഇത് കഴിഞ്ഞ ദിവസം സഭാ തലവന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാതന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പാത്രിയാര്‍ക്കിസിന്റെ സന്ദര്‍ശനത്തോടെ പതിറ്റാണ്ടുകളായി തുടരുന്ന കക്ഷി വഴക്കിന് പരിഹാരശ്രമം ഉണ്ടാകുമെന്ന പ്രതീക്ഷ വിശ്വാസികളില്‍ ഉടലെടുത്തിരിക്കുന്നത്. പാത്രിയാര്‍ക്കിസ് കേരളത്തില്‍ എത്തുന്നതോടെ മലങ്കരയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ യാക്കോബായ സഭയില്‍ പാത്രിയാര്‍ക്കിസിന്റെ സന്ദര്‍ശനം സംബന്ധിച്ച് ചില തടസങ്ങള്‍ വന്നതോടെ ഇതിന് ചില മങ്ങലേറ്റിരുന്നു.
പാത്രിയാര്‍ക്കീസ് മലങ്കരയിലെ കക്ഷി വഴക്ക് അവസാനിപ്പിക്കുന്നതിന് ഏറെ താല്പര്യമെടുത്ത് ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. പാത്രിയാര്‍ക്കിസിന്റെ സ്‌നേഹിതനായ കാലം ചെയ്ത തോമസ് മാര്‍ മക്കാറിയോസിന്റെ കബറിടം സന്ദര്‍ശിച്ച് ധുപപ്രാര്‍ത്ഥന നടത്തുന്നതിന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് എത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരു സഭാ നേത്യത്വവും വ്യക്തമായി പ്രതികരിക്കുന്നില്ല.