സിഡ്‌നി ബന്ദിയാക്കല്‍ സംഭവത്തില്‍ കൊല്ലപ്പെട്ട പ്രതി ഹാരോണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വേണ്ട; കൊണ്ടുപോയി കടലില്‍ എറിഞ്ഞേക്കാന്‍ മുസ്ലീം പുരോഹിതര്‍

single-img
20 December 2014

Hostage-Australiaഒരുദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സിഡ്‌നി കോഫി ഷോപ്പ് ബന്ദിയാക്കലിനിടെ കൊല്ലപ്പെട്ട പ്രതി ഹാരോണ്‍ മോനിസിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല. ഡിസംബര്‍ 25നകം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും എന്നായിരുന്നു ഓസ്‌ട്രേലിയന്‍ പോലീസ് നേരത്തേ പ്രഖ്യാപിച്ചിരുതെങ്കിലും മോനിസിന്റെ ബന്ധുക്കളാരും ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വരാത്തത് പ്രതിസന്ധി വരുത്തിയിട്ടുണ്ട്.

മൃതദേഹം ആരും ഏറ്റെടുക്കാന്‍ വരാതായതോടെ ഓസ്‌ട്രേലിയയിലെ മുസ്ലിം മത നേതൃത്വത്തെ അധികൃതര്‍ സമീപിക്കുകയായിരുന്നു. എന്നാല്‍ മോനിസിനെ തങ്ങള്‍ക്കറിയില്ലെന്നും അയാള്‍ മതപരമായ യാതൊരു ബഹുമാനങ്ങളും അര്‍ഹിക്കുന്നില്ലെന്നും ലബനീസ് മുസ്ലിം അസോസിയേഷന്‍ ഭാരവാഹിയും പുരോഹിതനുമായ അമിന്‍ സയിദ് പറഞ്ഞതായി ഓസ്‌ട്രേലിയന്‍ ഡെയ്‌ലി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അയാളുടെ മൃതദേഹം കടലില്‍ എറിയുകയാണ് വേണ്ടതെന്നും മുസ്ലീം സമൂഹത്തില്‍ നിന്നും ആരും അയാളുടെ ശവമടക്കിന് പോകാന്‍ തയ്യാറല്ലെന്നും അമിന്‍ വെളിപ്പെടുത്തി.

ആദ്യ ഭാര്യയെ കഴിഞ്ഞ വര്‍ഷം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മോനിസിന്റെ കൂട്ടുപ്രതിയായ രണ്ടാംഭാര്യ അമീറയാണ് മൃതദേഹം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏക വ്യക്തി. പക്ഷേ ഇവര്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല.