ഇനി മുതൽ ഡോക്ടര്‍മാര്‍ രോഗികൾക്ക് മരുന്നുകള്‍ കുറിച്ചു നല്‍കുമ്പോൾ സൂക്ഷിക്കേണ്ടിവരും; രോഗിക്ക് മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിട്ട് ആരോഗ്യ മന്ത്രാലയത്തെ വിളിച്ച് അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു

single-img
19 December 2014

medicinഇനി മുതൽ ഡോക്ടര്‍മാര്‍ രോഗികൾക്ക് കുറിച്ചുനല്‍കുന്ന മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഈ പ്രശ്‌നം നിങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തെ നേരിട്ട് വിളിച്ച് അറിയിക്കാം. ഇതിനായുള്ള ടോള്‍ ഫ്രീ നമ്പര്‍ സൗകര്യം പ്രാബല്യത്തില്‍ വരുത്തുകയാണ്  ആരോഗ്യ മന്ത്രാലയം.

ഈ നമ്പരിലൂടെ ഉപഭോക്താവിന് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളോടൊപ്പം മരുന്നിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളും ആരോഗ്യമന്ത്രാലയത്തെ വിളിച്ച് അറിയിക്കാം. ഇതിനായി 18001803024 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ് ബന്ധപ്പെടേണ്ടത്

ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ സമഗ്രമായ പഠനം നടത്തും. കണ്ടെത്തിയ വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനും, ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നതിന് വിഷയനിര്‍ണയകമ്മിറ്റിക്കു രൂപം നല്‍കിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രികളിലും മറ്റു പരിശോധനാകേന്ദ്രങ്ങളിലും മരുന്നുവില്‍പ്പനശാലകളിലും ടോള്‍ ഫ്രീ നമ്പര്‍ പൊതുജനങ്ങളുടെ ശ്രദ്ധ ലഭിക്കും വിധത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 2011 ല്‍ രാജ്യത്താകമാനം ഒരു ലക്ഷത്തിലധികം പേര്‍ക്ക് മരുന്നുകള്‍ പാര്‍ശ്വഫലമുണ്ടാക്കിയതായാണ് കണക്കുകള്‍.