അരബിന്ദോ ആശ്രമത്തിൽ നിന്നും ഇറക്കി വിട്ട ഏഴംഗ കുടുംബം കടലില്‍ ചാടി; അമ്മയും രണ്ട് പെണ്‍മക്കളും മരണമടഞ്ഞു

single-img
19 December 2014

aravindha-asramപുതുച്ചേരി: പ്രശസ്തമായ പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലെ അംബാഭിക്ഷു അപ്പാർട്ട്മെന്റിലെ നിന്നും  കോടതി ഉത്തരവിനെ തുടര്‍ന്ന് ഇറക്കി വിട്ട കുടുംബം പിറ്റേന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഏഴംഗ കുടുംബത്തിലെ അമ്മയും രണ്ട് പെണ്‍മക്കളും മരണമടഞ്ഞു, പിതാവിനെയും മറ്റ് മൂന്ന് മക്കളെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ഇവർ ഇപ്പോൾ പോണ്ടിച്ചേരി സർക്കാർ ആശുപത്രിയിലാണ്. ശാന്തി ദേവി , മക്കളായ അരുണ ശ്രീ , രാജശ്രീ എന്നിവരാണ് മരണമടഞ്ഞത്. പിതാവ് ഗദാധർ പ്രസാദും മറ്റു മക്കളുമാണ് രക്ഷപ്പെട്ടത്. മക്കളെല്ലാം അവിവാഹിതരാണ്.

സംഭവത്തെ തുടർന്ന്  രോഷാകുലരായ നാട്ടുകാർ  തെരുവിൽ അക്രമം അഴിച്ചുവിട്ടു. ആശ്രമത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പും സൂപ്പർ മാർക്കറ്റും  ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ആക്രമിച്ച നാട്ടുകാർ ആശ്രത്തിലേക്ക് തള്ളിക്കയറുകയും കല്ലേറ്  നടത്തുകയും ചെയ്തു.

സ്വഭാവദൂഷ്യം നടത്തുകയും ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് 2002 മുതല്‍ ആശ്രമം അധികൃതര്‍ ഈ കുടുംബത്തിലെ ഹേമലതക്കെതിരെ നിയമനടപടി തുടങ്ങിയത്. ഒടുവിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ്  ബീഹാർ സ്വദേശികളായ  ഏഴംഗ കുടുംബത്തെ ബുധനാഴ്ച  പൊലീസ്  സഹായത്തോടെ അധികൃതർ ഒഴിപ്പിച്ചത്.  നിരവധി വർഷങ്ങളായി ആശ്രമത്തിൽ  താമസിച്ചിരുന്ന ഇവരെ ഒഴിപ്പിക്കണമെന്ന് ഡിസംബർ ഒമ്പതിനാണ് വിധിയുണ്ടായത്.

വിധി വന്ന ശേഷവും തങ്ങളെ ഇറക്കിവിടരുതെന്നഭ്യർത്ഥിച്ച്  15ന് ആശ്രമ അധികൃതർക്ക്  ഇവർ കത്തു നൽകിയിരുന്നു.  എന്നാൽ, ബുധനാഴ്ച രാവിലെ  ഒന്പത് മണിക്ക് പൊലീസ് എത്തി കോടതി വിധി നടപ്പാക്കാൻ ആരംഭിച്ചു. ഇതിനിടെ സഹോദരിമാരിലൊരാളായ ഹേമലത ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടർടാങ്കിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.  എന്നാൽ, വനിതാപൊലീസ് ഉൾപ്പെട്ട സംഘം മറ്റെന്തെങ്കിലും മാർഗമുണ്ടാക്കാമെന്ന് സമാധാനിപ്പിച്ച് സഹോദരിമാരെ  ആശ്രമത്തിൽ നിന്ന് പുറത്തിറക്കിയത്.

മൃതദേഹങ്ങള്‍ പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.