ക്യൂബക്കെതിരെ അമേരിക്ക തുടരുന്ന വ്യാപാര വിലക്ക് നീക്കണമെന്ന് റൗള്‍ കാസ്ട്രോ

single-img
18 December 2014

Raul-Castroവാഷിംഗ്ടണ്‍ : ക്യൂബക്ക് മേല്‍ അമേരിക്ക അരനൂറ്റാണ്ടിലേറെയായി തുടരുന്ന വ്യാപാര വിലക്ക് അവസാനിപ്പിക്കണമെന്ന് പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ. അഞ്ച് പതിറ്റാണ്ടിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കാസ്ട്രോയുടെ ആവശ്യം. യു.എസ് കോണ്‍ഗ്രസിന് നിരോധനാജ്ഞ എടുത്തുകളയാന്‍ അധികാരമുണ്ടെന്നും കാസ്ട്രോ പറഞ്ഞു.

ബുധനാഴ്ചയാണ് ക്യൂബയും യു.എസും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതതിയുണ്ടാക്കാന്‍ ബറാക് ഒബാമയും റൗള്‍ കാസ്ട്രോയും തീരുമാനിച്ചത്. ചാരവൃത്തി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷമായി ക്യൂബയില്‍ തടവിലായിരുന്ന അലന്‍ ഗ്രോസിനെയും യു.എസിലുള്ള മൂന്ന് ക്യൂബക്കാരെയും വിട്ടയക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു.

1960കളിലാണ് ക്യൂബയുമായുള്ള ബന്ധം യു.എസ് അവസാനിപ്പിച്ചത്. രാജ്യത്ത് കമ്യൂണിസം അധികാരത്തില്‍ വന്നതോടെയാണ് യു.എസിന് ക്യൂബ അനഭിമതരായത്. 1960-61 കാലഘട്ടത്തില്‍ ക്യൂബയിലെ അമേരിക്കന്‍ വ്യവസായങ്ങളെ നഷ്ടപരിഹാരമൊന്നും നല്‍കാതെ കാസ്‌ട്രോ ദേശസാത്ക്കരിച്ചതോടെ എല്ലാ വിധത്തിലുള്ള നയതന്ത്ര ബന്ധങ്ങളും യു.എസ് ഉപേക്ഷിക്കുകയായിരുന്നു.