നിഷ്‌കളങ്കതയെ തോക്കുകൊണ്ട് എതിരിടുന്നവര്‍

single-img
17 December 2014

11_5

പാകിസ്ഥാന്‍ ഇന്ന് പശ്ചാത്തപിക്കുകയാണ്. ഇന്ന് ലോകത്ത് ഏറ്റവും വെറുക്കപ്പെടുന്ന താലിബാന്‍ എന്ന മനുഷ്യത്വ രഹിത സംഘടനയ്ക്ക് വെള്ളവും വളവും നല്‍കി ഊട്ടിവളര്‍ത്തിയ തെറ്റിന്. കണ്‍മുമ്പില്‍ വെടിയേറ്റ് ചിതറിത്തെറിച്ച പിഞ്ചുദേഹങ്ങളോരോന്നും ദൈവത്തിന്റെ പ്രതീകങ്ങളാണ്. ആ കുഞ്ഞുങ്ങളെ അത്തരത്തിലാക്കിയത് ദൈവരാജ്യം സ്ഥാപിക്കാന്‍ ദൈവനിയമവും ദൈവവാക്യങ്ങളുമായി ജീവിക്കുന്നുവെന്ന് പറയപ്പെടുന്ന ഒരു സംഘടനയും. തികച്ചും വിരോധാഭാസമായ ഈ പ്രവൃത്തിയെ എതിര്‍ക്കുകയല്ല, നശിപ്പിക്കുകതന്നെ വേണം. നൂറുകണക്കിന് കുരുന്നുകളുടെ മുഖം കണ്‍മുമ്പില്‍ കണ്ടിട്ടും അവരെ ഈ വിധത്തില്‍ ക്രൂരമായി കൊലപ്പെടുത്താന്‍ തോന്നുന്ന മാനസികാവസ്ഥയെ ഭീകരതയെന്നോ, തീവ്രവാദമെന്നോ, മതവാദമെന്നോ എന്തു പേരിട്ടു വിളിച്ചാലും അത് ഈ ലോകത്തു നിന്നും തുടച്ചുനീക്കപ്പെടേണ്ട ഒന്നുതന്നെയാണ്.

1990 കളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും സോവിയറ്റ് സൈന്യം വിടവാങ്ങിയതിന്റെ പിന്നാലെ മതസംഘടനയെന്ന പേരില്‍ വടക്കന്‍ പാകിസ്ഥാനില്‍ പിറവിയെടുത്ത്, പതിയെപ്പതിയെ വിശ്വരൂപം കാട്ടിത്തുടങ്ങിയ താലിബാനെ സാമ്പത്തികമായും മറ്റും സഹായിക്കാന്‍ പാകിസ്ഥാനും സൗദി അറേബ്യയുമായിരുന്നു മുന്നില്‍ നിന്നിരുന്നത്. 1990-91 ല്‍ അഫ്ഗാനിസ്ഥാനിലെ അധികാരം പിടിച്ചെടുത്ത് അധികാരപത്തിലെത്തിയ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ച രാജ്യങ്ങള്‍ യു.എ.ഇയും സൗദി അറേബ്യയും പിന്നെ പാകിസ്ഥാനുമായിരുന്നു.

മുസ്ലീം രീതികള്‍ അനുശാസിച്ചു എന്ന രീതിയില്‍ കടുത്തശിക്ഷാവിധികള്‍ നടപ്പിലാക്കിക്കൊണ്ടാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ ക്രൂരതയ്ക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദയും ബുര്‍ഖയും ധരിക്കണമെന്നും പുരുഷന്‍മാര്‍ താടി നീട്ടി വളര്‍ത്തണമെന്നും അവര്‍ ഉത്തരവിട്ടു. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് മരണം ഉള്‍പ്പെടെയുള്ള കടുത്തശിക്ഷകളും താലിബാന്‍ നല്‍കി. ടെലിവിഷനും സിനിമയുമടക്കമുള്ളവ നിരോധിച്ച താലിബാന്‍ ചെയ്ത ഏറ്റവും ഹീനമായ മനുഷ്യാവകാശ ധ്വംസനം എന്നുപറയുന്നത് 10 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിരോധിച്ചു എന്നുള്ളതായിരുന്നു.

1_9

2001 സെപ്തംബര്‍ 11 ലെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെയാണ് താലിബാന്‍ ലേകരാജ്യങ്ങളുടെ ശ്രദ്ധാബിന്ദുവാകുന്നത്. ലോകശക്തിയായി അഹങ്കരിച്ചിരുന്ന അമേരിക്കയുടെ തലയ്‌ക്കേറ്റ കനത്ത പ്രഹഎരമായിരുന്നു ആ ആക്രമണം. അതിന്റെ ഫലമായുണ്ടായ സൈനികനീക്കത്തോടെ താലിബാന്റെ അധികാരം കഅഫ്ഗാനിസ്ഥാനില്‍ നിന്നും തുടച്ചുനീക്കപ്പെട്ടെങ്കിലും പാകിസ്ഥാന്റെ ക്വറ്റ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിയന്ത്രിച്ച് അവര്‍ ഒരു സമാന്തര ഭരണം തുടരുകയാണ്. ഒരു സൈനിക നീക്കത്തിനും ഈ ക്രൂരതയുടെ സ്വാധീനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം. അഭയം നല്‍കിയ പാകിസ്ഥാനെതന്നെ പലസമയത്തും ഇവര്‍ ഒട്ടും മടികാണിക്കാതെ മുറിവേല്‍പ്പിച്ചിട്ടുണ്ട്.

താലിബാന്റെ പ്രഖ്യാപിത നയങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്ന സംഗതി വിദ്യാഭ്യാസം തന്നെയാണ്. നോബേല്‍ സമ്മാന പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായിയും ഇന്നലെ പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ പിടഞ്ഞുവീണ് ജീവന്‍ വിട്ട പിഞ്ചു കുഞ്ഞുങ്ങളും പറയുന്നതും ആ കഥ തന്നെയാണ്. രാഷ്ട്രീയ സമവാക്യങ്ങളും പട്ടാള ഇടപെടലും സാധാരണമായ പാകിസ്ഥാനില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. തടയാന്‍ ഒരു വിദേശ ശക്തിക്കും ഒരുപരിധി കഴിഞ്ഞാല്‍ കഴിയില്ല.

വിദ്യാഭ്യാസവും വിശുദ്ധയുദ്ധമെന്നും രാജ്യമെന്നുമൊക്കെയുള്ള ചിന്തകള്‍ കളഞ്ഞ് മനുഷ്യനായി മാറുന്ന ഒരു തലമുറയ്ക്കു മാത്രമേ ഇക്കാര്യങ്ങളില്‍ ഒരു തീരുമാനം ഉണ്ടാക്കാനാകു. ഒരര്‍ത്ഥത്തില്‍ ഈ താലിബാന്‍ എന്നു പറയുന്ന പിശാചുക്കള്‍ ഭയക്കുന്നതും ആ ഒരു കാലത്തിനെയാണ്. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം നിഷേധിക്കുക, അതിനു തയ്യാറയല്ലാത്തവരുടെ ജീവിതം നിഷേധിക്കുക എന്നുള്ളത്.

ഇപ്പോഴുമുള്ള ഒരു സംശയം, നിഷ്‌കളങ്കതയെ തോക്കുകൊണ്ട് നേരിടുന്ന ഇവരുടെ സ്ഥാനം സ്വര്‍ഗ്ഗത്തില്‍ എവിടെയാണെന്നുള്ളതാണ്.