ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുന്നു

single-img
16 December 2014

Nathuram_godseരാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ സ്ഥാപിക്കാനാണ് സംഘടന സര്‍ക്കാരിന്റെ അനുമതി തേടുന്നതെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക്കിനെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരുപക്ഷേ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഹിന്ദുമഹാസഭയുടെ ഓഫീസ് പരിസരത്ത് പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ മഹാപുരുഷന്മാരുടെയും പ്രതിമ സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോഡ്‌സെയുടെത് ആയിക്കൂടെന്നാണ് കൗശിക്ക് ചോദിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ മാര്‍ബിളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗോഡ്‌സെയുടെ അര്‍ദ്ധകായപ്രതിമ ഇപ്പോള്‍ ഹിന്ദുമഹാസഭയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കയാണ്. 1948 ജനുവരി 30 ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഗോഡ്‌സെ ഹിന്ദുമഹാസഭയുടെ ഓഫീസ് സന്ദര്‍ശിച്ചതായാണ് കരുതപെടുന്നത്. അയാള്‍ ആ ഓഫീസില്‍ ഉപയോഗിച്ച മുറി ഹിന്ദുമഹാസഭ പ്രത്യേകമായി സംരക്ഷിച്ചിരിക്കുകയാണെന്നും പത്രം പറയുന്നു.

ഹിന്ദുമഹാസഭ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക്ക് ഇക്കോണമിക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗാന്ധി വധത്തെ ന്യായീകരിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്.