ചുംബനസമരത്തിന് സാക്ഷിയായപ്പോള്‍

single-img
15 December 2014

chumbana samaram Kozhikode

2014 ഡിസംബര്‍ 7, ഞായറാഴ്ച. കോഴിക്കോട് നഗരത്തിലേക്ക് ബസിറങ്ങിയത് എന്റെ വിവര്‍ത്തന ഗ്രന്ഥത്തിന്റെ അച്ചടിയുമായി ബന്ധപ്പെട്ടാണ്. വൈകുന്നേരം 3 മണിക്ക് ചുംബനസമരം തുടങ്ങുമെന്ന ഓര്‍മ്മയില്‍ കോഴിക്കോടിനെ ഒന്നു വീക്ഷിച്ചു. പതിവുപോലെ പത്രവൃത്താന്തം; നഗരം തിരക്കിലും ശാന്തം.

ഡി.ടി.പി സെന്ററിലേക്ക് ചെന്നയുടന്‍ ഞാന്‍ മീഡിയ വണ്‍ ചാനലിലേക്ക് വിളിച്ച് ചുംബന സമരവേദി അന്വേഷിച്ചു.പുതിയ സ്റ്റാന്റ് പരിസരമെന്ന മറുപടിയും ലഭിച്ചു. സാക്ഷീഭയം കൊണ്ടാകാം, പൊതുവേ ഉമ്മരഹിതമാണ് പുതിയ ബസ് സ്റ്റാന്റ്. ആരും പുതിയ സ്റ്റാന്റില്‍ വെച്ച് പരസ്യമായി ഉമ്മകൊടുത്തതായി ഒരു ചരിത്രഗ്രന്ഥത്തിലും കണ്ടിട്ടില്ല. ആ അര്‍ത്ഥത്തില്‍ ഒരു അനാഘ്രാത കുകുമമായി നില്‍ക്കുന്ന പുതിയ സ്റ്റാന്റില്‍, പടികയറി ഒന്നാം നിലയിലെത്തിയാല്‍ എന്റെ ഡി.ടി.പി സെന്ററായി.

അവിടെയെത്തുമ്പോള്‍ തന്നെ കുറേ ഹനുമാന്‍മാര്‍ വരാന്തയിലൂടെ ഉലാത്തുന്നത് കണ്ടു. (കുറച്ച് കഴിഞ്ഞ് ഉലാത്തലിലെ ആ ദീര്‍ഘം അങ്ങെടുത്ത് കളയാനുള്ള ഒരുക്കമായിരുന്നു അതെന്ന് പിന്നെ മനസ്സിലായി). 2 മണി കഴിഞ്ഞപ്പോള്‍ സംഗതികളുടെ ഒരു ഉമ്മവശം മനസ്സിലാക്കാന്‍ പുതിയ ബസ് സ്റ്റാന്റ് ഒന്നു വലം വെയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ മുഖം പരമാവധി മറയുംവിധം ഷാള്‍ ഇട്ടു. കൈനീളം കൂടുതലുള്ള ചുരിദാറും ബന്ദിരഹിത നെറ്റിയും എനിക്കൊരു മുസ്ലീം സ്ത്രീയുടെ ഛായ തന്നു. (ഒരു മുസ്ലീം സ്ത്രീ ആള്‍ക്കൂട്ടത്തില്‍ എത്തിനോക്കിയാല്‍ എന്തു സംഭവിക്കുമെന്ന് പഠിക്കാന്‍ അത് ഉപകാരപ്പെട്ടു എന്നത് മറക്കാവുന്നതല്ല. പറയാനത്ത തെറിവാക്കുകള്‍ കെട്ടിക്കിടന്ന് കയ്ക്കുന്ന പെണ്‍നാവുകള്‍ ചലിച്ചാല്‍ യൂട്യൂബും വാട്ആപ്പും സമ്പന്നമായേനെ. പക്ഷേ പെണ്ണിന് ക്ഷമിക്കാനറിയാം. പെണ്ണിനേ അതറിയൂ)

അങ്ങനെ കോഴിക്കോട് പുതിയ സ്റ്റാന്റിന്റെ ഓവര്‍ബ്രിഡ്ജ് പരിസരത്ത് വിവിധ ചാനലുകളുടെ വണ്ടികളെയും പോലീസിനെയും വലിയൊരു ജനക്കൂട്ടത്തേയും കണ്ട് ഞാന്‍ ധന്യയായി. അപ്പോള്‍ സമയം വെറും രണ്ടുമണിയായതേയുള്ളു. സമരം തുടങ്ങുമെന്നറിയിച്ചിരുന്നത് 3 മണിക്കാണ്. ഒരു സമരപരിപാടി തുടങ്ങുമെന്ന്പറഞ്ഞ സമയം കഴിഞ്ഞ് ഏറ്റവും ചുരുങ്ങിയത് ഒരുമണിക്കൂര്‍ സമയം കഴിഞ്ഞാലെ സമരാനുഭാവികള്‍ എത്തിത്തുടങ്ങുമെന്നുള്ളതാണ് വിദഗ്ദമതം. ഇവിടെ, അത്ഭുതമെന്നു പറയട്ടെ, സൂചികുത്താനിടമില്ലാതെ ജനം തയ്യാറായി നില്‍ക്കുന്നു.

ചുംബനസമരത്തില്‍ പങ്കെടുക്കാനെത്തിയവരെ കണ്ടപ്പോഴാണ് ആ വിവരമറിഞ്ഞത്. അവര്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. ബാക്കി കൂട്ടമെല്ലാം ഉമ്മ കാണാനെത്തിയവരാണ്. എന്തിനധികം പറയേണ്ടു, 3 മണിക്കു മുമ്പേ ചുംബനസമരം തുടങ്ങുന്നുവെന്നറിഞ്ഞ് ആണുങ്ങള്‍ ആനന്ദതുന്ദിലരായി. (ഞാനൊഴികെ ആ സമരം സസൂക്ഷ്മം വീക്ഷിച്ച മറ്റൊരു പെണ്ണ്അവിടെ ഉണ്ടായിരുന്നില്ല).

പെട്ടെന്നാണ് ചുംബനസമരത്തിന്റെ വേദി പുതിയ സ്റ്റാന്റിന്റെ തന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നത്. സര്‍വ്വരും ഒരോട്ടമായിരുന്നു അവിടേക്ക്. മരുന്നവാങ്ങാന്‍ വന്നവരും, !ഭാര്യയെ പ്രസവത്തിന്‌കൊണ്ടുപേകാന്‍ വന്നവരും, വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങാന്‍ വന്നവരും, ഫോക്കസ് മാളില്‍ കറങ്ങാന്‍ വന്നവരുമായ പുരുഷന്‍മാര്‍ തങ്ങളുടെ മനസ്സിലുണ്ടായിരുന്ന ലക്ഷ്യസ്ഥാനങ്ങളെല്ലാം മറന്ന് ബോബനും മോളിയും കാര്‍ട്ടൂണിലെ ചേട്ടത്തി ചേട്ടനെതല്ലാല്‍ ഉലക്കെയെടുത്തോടുന്ന ഓട്ടം ഓടി ‘പെട്ടെന്നെന്തെങ്കിലും തരായാലോ’ (വി.കെ.എന്നിനോട് കടപ്പാട്) എന്നമട്ടില്‍ നിലയുറപ്പിച്ചു.
ചുംബനസമരം കാണാന്‍ വന്ന നൂറുകണക്കിന് പേരില്‍ പലര്‍ക്കും കല്ല്യാണച്ചെക്കനേയും പെണ്ണിനേയും കാണുന്നതിന് പകരം വീഡിയോഗ്രാഫര്‍മാരുടെ പിന്‍ഭാഗം കാണേണ്ടിവരുന്ന ക്ഷണിതാക്കളുടെ അവസ്ഥയായി. എത്ര ചുണ്ടുകള്‍ തമ്മില്‍ ചേരുന്നുണ്ടെന്ന് അത്യാകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നവരില്‍ അബാലവൃദ്ധം ജനങ്ങളുമുണ്ടായിരുന്നു. ചുംബനസമരത്തിന്റെ വേദി വീണ്ടും മാറ്റിയതറിഞ്ഞ് നേരത്തെ നടന്ന അതേ കാര്‍ട്ടൂണ്‍ ചേട്ടത്തിയോട്ടം തുടര്‍ന്നുകൊണ്ടിരുന്നു.

പലരും പുതിയ സ്റ്റാന്റിലെ മറ്റുനിലകളിലേക്ക് ഓടിക്കയറി. ഓരോനില കയറുന്തോറും അവരുടെ സ്വന്തം നില വഷളാകുകയായിരുന്നു. അങ്ങനെ മുന്നില്‍ നില്‍ക്കുന്നവരെ തട്ടിവീഴിച്ചും ആളുകള്‍ ചുംബനദര്‍ശന ഭാഗ്യത്തിനായി ഓടിത്തുടങ്ങി. നാലോ അഞ്ചോതവണ ചുംബന സമരതത്തിന്റെ വേദി മാറ്റി. ഇതിനിടെ പ്രതീകാത്മക ബലൂണ്‍ പൊട്ടിക്കല്‍ കേട്ട് പോലീസ് വെടിവെയ്പ്പാണെന്ന് തെറ്റിദ്ധരിച്ചൊരാള്‍ ഓടിവന്് വീണത് എന്റെ കാല്‍ച്ചുവട്ടിലേക്കാണ്. സ്രാഷ്ടാംഗം പ്രണമിച്ച് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന മട്ടിലുള്ള ആ നോട്ടം അയാളെന്നെ നോക്കിയത് എനിക്ക് ഈ ജന്മത്ത് മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ചുരുങ്ങിയ സമയത്തിനകം ‘ത്രിതലങ്ങളിലായി’- നിലത്തോ, മരക്കൊമ്പിലോ, കെട്ടിടങ്ങളുടെ മുകളിലോ- പുരുഷ ജനങ്ങള്‍ കുറച്ചു സ്വസ്ഥമായി ചുംബനം വീക്ഷിച്ചുതുടങ്ങി. ഇതിനിടെ വീണുകിട്ടിയ ചില ‘ആണ്‍വാക്യങ്ങള്‍’ ഇവിടെ കുറിക്കാന്‍ മറക്കുന്നത് അനീതിയാകും.

”ഇതിപ്പോ സൂസന്ന കാണാന്‍ പോയതുപോലെയായി. ഇപ്പം കാണും ഇപ്പം കാണും എന്നു വിചാരിച്ചിട്ട്…. ”

”ശരിക്ക് കാണേയ്‌നു… അപ്പോഴാ ആ ടി.വിക്കാരുടെ ഒലക്കേമലെ ഒരു ഷൂട്ടിംഗ്”

”ഇത് കൊച്ചിയല്ല, ഇത് കോയിക്കോടാ. ഇബ്‌ടെ ഇത് നടത്തൂല. അല്ലെങ്കിപ്പ അവരെന്താ കാണിച്ചേയ്?” (അവസാന വാക്യത്തില്‍ കാണാന്‍ കൊതിച്ച എന്തോ കാണാന്‍ സാധിക്കാത്തതിന്റെ നിരാശയുണ്ട്)

ചിരിചേര്‍ത്ത് പറഞ്ഞെങ്കിലും ഹൃദയഭേദകമായൊരു ദൈന്യതയ്ക്കാണ് ഞാനാദിവസം സാക്ഷ്യം വഹിച്ചത്. യുദ്ധകെടുതികള്‍ക്കിരയായവര്‍ക്ക് ഹെലികോപ്ടറുകളില്‍ ഭക്ഷണം വിതരണം നടത്തുമ്പോള്‍ അവ ശേഖരിക്കാനായി ആളുകള്‍ ഓടിക്കൂടുമ്പോലെ ഒരു ഉമ്മക്കഷ്ണത്തിനായി ഓടിയടുത്ത ഒരുവലിയകൂട്ടം പുരുഷന്‍മാര്‍ കേരളത്തിലെ ലൈംഗിക ദാരിദ്ര്യത്തിന്റെ ഇരകളാണ്. പട്ടിണികിടക്കുന്നവന്‍ കട്ട് ഭക്ഷണം കഴിക്കുന്നു. ഇക്കൂട്ടരാകട്ടെ, നമ്മുടെയീ കൊച്ചു കേരളത്തില്‍ നടക്കുന്ന സകല ആക്രമണങ്ങള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളകളാകുന്നു.

ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ചുംബന സമരത്തിനേക്കാള്‍ കോഴിക്കോട് കണ്ടത് ചുംബന ദര്‍ശന സമരമായിരുന്നു.