Kerala

ദുബായില്‍ നിന്നും അരകിലോ സ്വര്‍ണ്ണം പൊടിച്ച് തവിട്ടു നിറത്തില്‍ മുക്കി ചായപ്പൊടിയില്‍ കലര്‍ത്തി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മലയാളി പിടിയിലായി; സംശയം തോന്നിയത് തേയില പായ്ക്കറ്റിന്റെ തൂക്ക വ്യത്യാസത്തിന്റെ കാര്യത്തില്‍

Gold

ചായപ്പൊടിയില്‍ പൊടിച്ച് കലര്‍ത്തി തവിട്ട് നിറം പൂശി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 583 ഗ്രാം സ്വര്‍ണം ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. എയര്‍ ഇന്ത്യ 938 വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ കണ്ണൂര്‍ പേരാവൂര്‍ മുഴക്കുന്ന് സറീന്‍ മന്‍സിലില്‍ ഷമീര്‍ തട്ടംകണ്ടി (42)യുടെ ബഗേജില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം കണ്ടെടുത്തത്.

കണ്ടെടുത്ത സ്വര്‍ണത്തിന് 16 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റം അധികൃതര്‍ അറിയിച്ചു. 1600 ഗ്രാം എന്നെഴുതിയ ചായപ്പൊടി പാക്കറ്റ് തൂക്കിയപ്പോള്‍ രണ്ട് കിലോയിലധികം ഉണ്ടായിരുന്നു. ഇതോടെ സംശയം തോന്നിയ അധികൃതര്‍ പാക്കറ്റ് തുറന്ന് പരിശോധിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് വെളളിയാഴ്ച കസ്റ്റംസ്, രഹസ്യാന്വേഷണവിഭാഗങ്ങള്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.

തേയിലയുടെ കൂട്ടത്തില്‍ കൂടിക്കലര്‍ന്ന സ്വര്‍ണ്ണം സ്വര്‍ണപ്പണിക്കാരനെ വരുത്തി രാമനാട്ടുകരയിലെ സ്വര്‍ണാഭരണശാലയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു.