കൊതുകുതിരികളുടേയും ചന്ദനതിരികളുടേയും പുക ശ്വസിക്കുന്നതും ദിവസം 100 സിഗരറ്റ് വലിക്കുന്നതും തുല്യമാണെന്ന് പഠനം

single-img
13 December 2014

mosquito-coilsകൊതുകുതിരികളും ചന്ദനതിരികളും പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് ദിവസം 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമെന്ന് പഠനം. ഈ പുക ശ്വാസകോശത്തെ ഹാനികരമായി ബാധിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് ശ്വാസകോശ കാന്‍സറിന് കൂടി കാരണമാകുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. പൂനെയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൌണ്ടേഷന്‍ പഠനം നടത്തിയത്.

രാത്രിയിലുള്ള കൊതുകിന്റെ ശല്യത്തിൽ നിന്നും രക്ഷ നേടാനാണ് ഇത്തരത്തിലുള്ള വസ്തുക്കളെല്ലാം ഉപയോഗിക്കുന്നത്. എന്നാൽ ഇവ വളരെ പെട്ടെന്ന് അന്തരീക്ഷത്തില്‍ ലയിച്ചു ചേരുന്നവയാണ്. കൂടാതെ ചന്ദനതിരികളില്‍ നിന്നും സാമ്പ്രാണിതിരികളില്‍ നിന്നും പുറത്തുവരുന്ന പുകയിലടങ്ങിയിരിക്കുന്നത് ഇരുമ്പും ഈയവും മഗ്നീഷ്യവുമാണ്. ഇത് ശരീരത്തിന് ഹാനികരമാണ്. കൊതുകുകളെ കൊല്ലാനായി ഉപയോഗിക്കുന്ന സ്പ്രേയിലെ വിഷവും ബാധിക്കുന്നത് മനുഷ്യന്റെ ശ്വാസകോശത്തെയാണ്. ഒട്ടും പുകയില്ലെന്ന് പറഞ്ഞ് കമ്പനികളിറക്കുന്ന കൊതുകുതിരികളും ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇത്തരം കൊതുകുതിരികള്‍ പുറത്തുവിടുന്നത് കൂടിയ അളവിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് ആണ്.

പൂനയിലെ 22 ഗ്രാമങ്ങളിലായാണ് ഫൌണ്ടേഷന്‍ പഠനം നടത്തിയത്. 65 ശതമാനം ജനങ്ങളും കൊതുകുതിരി കത്തിക്കുന്നതിന് മുമ്പായി ജനലും വാതിലും ഭദ്രമായി അടയ്ക്കുന്നത് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമാകുന്നുവെന്നും പഠനം പറയുന്നു. ഡെങ്കി, മലേറിയ, ചികന്‍ഗുനിയ തുടങ്ങി കൊതുകുജന്യ രോഗങ്ങളെ തടയാനായി ജനലുകളിലും വാതിലുകളിലും മോസ്കിറ്റ്വോ സ്ക്രീനുകള്‍ സ്ഥാപിക്കുക എന്നതാണ് പരിഹാരമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.