8 മാസമായി മാലി ജയിലിനുള്ളില്‍ ചെയ്ത കുറ്റം എന്താണെന്നുപോലും അറിയാതെ മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരി തടവില്‍; അറിഞ്ഞിട്ടും അറിയാതെ കേന്ദ്ര- കേരള സര്‍ക്കാരുകള്‍

single-img
8 December 2014

Jayachandranമാലിയിലെ കുടിവെള്ള പ്ലാന്റിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള കുടിവെള്ളവുമായി ഇന്ത്യയുടെ വിമാനങ്ങളും കടല്‍വെള്ള ശുദ്ധീകരണ കപ്പലുകളും മാലിയിലേക്ക് പോയി വന്നുകൊണ്ടിരിക്കുകയാണ്. പണ്ടും അങ്ങനെയായിരുന്നു. ശ്രീലങ്കന്‍ തീവ്രവാദികള്‍ മാലി കീഴടക്കാനെത്തിയപ്പോള്‍ അവര്‍ ആദ്യം സഹായത്തിന് വിളിച്ചതും ഇന്ത്യയെയായിരുന്നു. അന്നും ഇന്ത്യ ഒട്ടും മടിച്ചു നിന്നില്ല. മാലിയിലേക്ക് പോയി അവിടം കീഴടക്കാനെത്തിയ ഭീകരരെ തൂത്ത് തുടച്ച് വൃത്തിയാക്കി തിരിച്ചുപോന്നു.

സമീപ രാജ്യങ്ങളില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമാണ് മാലദ്വിപ്. ഇന്ത്യകെട്ടിക്കൊടുത്ത സ്‌കൂളുകളും ആശുപത്രികളും മാത്രമാണ് അവിടുത്തെ സാധാരണക്കാരന്റെ ആശ്രയങ്ങള്‍. നല്ല ചികിത്സയും വിദ്യാഭ്യാസവും വേണമെങ്കില്‍ ഇങ്ങ് തിരുവന്തപുരത്തേക്ക് വിമാനമോ കപ്പലോ കയറേണ്ട അവസ്ഥ. അവിടുത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കാര്യവും ഒരര്‍ത്ഥത്തില്‍ ഇന്ത്യയുടെ സംഭാവന തന്നെയാണ്. പ്രത്യേകിച്ചും കേരളത്തിന്റെ.

അത്തരത്തില്‍ മാലിയില്‍ അധ്യാപനവൃത്തി ചെയ്തുകൊണ്ടിരുന്ന ഒരധ്യാപകന്‍ ചെയ്യാത്ത തെറ്റിന് എട്ടു മാസമായി മാലിജയിലഴികള്‍ക്കുള്ളിലാണ്. കോഴിക്കോട് മൊകേരി സ്വദേശി കെ.കെ. ജയചന്ദ്രനാണ് മാലിദ്വീപിലെ പൊലീസ് ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്നത്. പക്ഷേ ജയചന്ദ്രനെക്കുറിച്ച് ഭാരതസര്‍ക്കാരോ കേരള സര്‍ക്കാരോ മാലിയോട് ഒന്നും ചോദിക്കുന്നുമില്ല, അവര്‍ തിരിച്ചൊന്നും പറയുന്നുമില്ല.

മാലദ്വീപിലെ ഫീ അലിയിലെ ഫാഫു അറ്റോള്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന ജയചന്ദ്രന്‍ മൊകേരി അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന ഒരു കുട്ടിയെ അനുസരണക്കേട് കാട്ടിയതിന് തല്ലി എന്നുള്ളതായിരുന്നു അദ്ദേഹത്തിന് മുകളില്‍ ആരോപിക്കപ്പെട്ട കുറ്റം. ഈ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് മാലി പോലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ കുട്ടിയെ ഉപദ്രവിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടുമാസം മുമ്പ് ജയചന്ദ്രന്‍ അറസ്റ്റിലാകുന്നത്.

ഒരു പരാതിക്കാരനും രണ്ട് സാക്ഷികളുമാണ് പൊലീസ് തയാറാക്കിയിരിക്കുന്ന എഫ്.ഐ.ആറിലുള്ളത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജയചന്ദ്രന് ക്ഷമനല്‍കിയെന്ന് എഴുതി നല്‍കിയിട്ടുണ്ട്. പക്ഷേ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ജയചന്ദ്രനെ മാലി പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് മനസ്സിലാകാത്തത്. ജയിലായതിനുശേഷം നവംബര്‍ 23നാണ് ജയചന്ദ്രന്‍ അവസാനമായി വീട്ടിലേക്ക് ഫോണില്‍ സംസാരിച്ചത്. പോലീസ് ഡീറ്റെന്‍ഷന്‍ സെന്ററില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും തെളിവെടുപ്പിനായി പലഭാഗത്തും കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ ജ്യോതി പറയുന്നു. ഒടുവില്‍ ലഭിച്ച വിവരപ്രകാരം കേസുമായി ബന്ധപ്പെട്ട് രണ്ട് വിചാരണ കൂടി പൂര്‍ത്തിയാകാനുണ്ടെന്നാണ് ജ്യോതി പറയുന്നത്.

ജയചന്ദ്രന്റെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 29ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജ്യോതി കത്തയച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ പകുതിയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വന്നകത്തില്‍ ജയചന്ദ്രനെതിരെ മാലിയില്‍ ചുമത്തിയ കുറ്റങ്ങളാണുണ്ടായിരുന്നത്. ഇതിന് ശേഷം പ്രതികരണമുണ്ടായിട്ടില്ലെന്നും ജ്യോതി പറയുന്നു.

പ്രശ്‌നം യഥാര്‍ത്ഥത്തില്‍ ഗുരുതരം എന്നു തന്നെയാണ് മാലിദ്വീപിലെ ജയചന്ദ്രന്റെ മോചനത്തിനായി ശ്രമിക്കുന്ന മാലിയിലെ മലയാളി അസോസിയേഷനും, മാലദ്വീപില്‍ ജോലി ചെയ്യുന്ന പത്തോളം വരുന്ന മലയാളി അധ്യാപകരും പറയുന്നത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഒരു മാസത്തിനകം കേസിന്റെ വിധി വരുമെന്നും എന്നാല്‍ ശരിയത്ത് പ്രകാരമുള്ള മാലദ്വീപിലെ നിയമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നുമാണ് അവര്‍ പറയുന്നത്. ജയചന്ദ്രനെതിരെ പരാതി കൊടുത്ത കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ അവരുടെ പരാതി പിന്‍വലിക്കാന്‍ തയാറായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ജയചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനിലൂടെ സുഷമ സ്വരാജിനെ ബന്ധപ്പെട്ടിരുന്നെങ്കിലും കാര്യമായ സമ്മര്‍ദ്ദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തുന്നു.