അനാകോണ്ടയുടെ വയറ്റിൽ നിന്ന് ജീവനോടെ പുറത്തേക്ക്;ടിവി ഷോ ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്തു

single-img
8 December 2014

eaten-aliveന്യൂയോർക്ക്: ഡിസ്കവറി ചാനലിന് വേണ്ടി യുവാവ് ജീവനോടെ അനാക്കോണ്ടയുടെ ഭക്ഷണമായി. അമേരിക്കൻ സംവിധായകനും, സാഹസികനുമായ പോൾ റൊസോലിയാണ് ഈ സാഹസത്തിന് മുതിർന്നത്. ഒരു മണിക്കൂറോളം ആനക്കോണ്ടയുടെ വയറ്റിൽ ചിലവിട്ട പോളിനെ പിന്നീട് ജീവനോടെ പുറത്തെടുത്തു. ആനക്കോണ്ടയ്ക്കും കുഴപ്പമൊന്നുമില്ല. യു.എസിൽ ഇന്നലെ മുതൽ ഡിസ്കവറി ചാനൽ പരിപാടി സംപ്രേഷണം ചെയ്തു തുടങ്ങി.

‘ഈറ്റൻ എലൈവ്’ എന്ന പ്രോഗ്രാമിന് വേണ്ടിയായിരുന്നു യുവാവിന്റെ ഈ സാഹസിക പ്രകടനം. ഒരു ദശാബ്ദത്തോളം സമയമെടുത്താണ് ഈ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതെന്ന് പോൾ പറഞ്ഞു.

മഴക്കാടുകൾ നശിച്ചുകൊണ്ടിരിക്കുന്നതിന്റെ ദോഷങ്ങളെപ്പറ്റി എല്ലാവരും ബോധവാന്മാരാണെങ്കിലും ആരും തന്നെ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും. ഈയൊരു വിഷയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ പ്രവർത്തിക്ക് പിന്നിലുണ്ടെന്നും. അനാക്കോണ്ടകളുടെ ആവാസസ്ഥാനമായ ആമസോണുകൾ സംരക്ഷിക്കുന്നതിനും അവയെപ്പറ്റി കൂടുതൽ പഠിക്കുന്നതിനുമായി ഈ ഷോയിൽ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കുമെന്നും പോൾ വ്യക്തമാക്കി.

സ്നേക് പ്രൂഫ് കോട്ട് ധരിച്ചാണ് പോൾ അനാക്കോണ്ടയുടെ ഭക്ഷണമായത്. കാർബൺ ഫൈബർ കൊണ്ട് ഉണ്ടാക്കിയ ഈ കോട്ടിനുള്ളിൽ ശ്വസിക്കാനുള്ള സംവിധാനങ്ങളും, കാമറയും, ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു.

ആമസോൺ കാടുകളിൽ ദിവസത്തോളം രാപകൽ ചെലവിട്ടാണ് ആറ് മീറ്റർ നീളമുള്ള പെൺ ആനക്കോണ്ടയെ കണ്ടെത്തിയതെന്ന് പോൾ പറയുന്നു. ആദ്യം തന്നെ ഭക്ഷണമാക്കാൻ ആനക്കോണ്ട തയ്യാറായില്ല. പിന്നീട് ഇരയെ പോലെ അതിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും അതിന് മുന്നിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ആനക്കോണ്ട ഇദ്ദേഹത്തെ പിടികൂടി ഭക്ഷിച്ചു തുടങ്ങുകയായിരുന്നു. ആദ്യം പോളിന്റെ തലയാണ് പാമ്പ് വിഴുങ്ങിയത്.

ആദ്യം തനിക്ക് കുറച്ച് ഭയം തോന്നിയെങ്കിലും പിന്നീട് ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നെന്ന് പോൾ പറഞ്ഞു. ഒരു മണിക്കൂറോളം പാമ്പിന്റെ വയറ്റിൽ ചെലവിട്ട പോൾ നിരന്തരം തന്റെ സഹപ്രവർത്തകരുമായി സംവദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഓരോ നിമിഷവും ഇയാൾ കാമറയിൽ പകർത്തിയെടുക്കുകയും ചെയ്തു.

ഒരു മണിക്കൂറിന് ശേഷം ആനക്കോണ്ടയ്ക്ക് കുഴപ്പമൊന്നും കൂടാതെ പോളിനെ പാമ്പിന്റെ വയറ്റിൽ നിന്നും ജീവനോടെ പുറത്തെടുത്തു. എന്നാൽ ഏത് വിധേനയാണ് പുറത്തെടുത്തതെന്ന് പോൾ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ആനക്കോണ്ട പോളിന്റെ തല വിഴുങ്ങിയ ശേഷം ശരീരം ഞെരിച്ച് തുടങ്ങിയതോടെ സംഭവം പ്രശ്നമാണെന്ന് മനസിലാക്കി ഇയാൾ നിലവിളിച്ചെന്നും കൂടെയുള്ളവർ ഇയാളെ പുറത്തെടുത്തെന്നും ചില വിദേശ വെബ്സൈറ്റുകൾ പറയുന്നു.

ഡിസ്കവറി പരിപാടി സംപ്രഷണം ചെയ്യുന്നതിനെ എതിർത്ത് പെറ്റ ഉൾപ്പടെയുള്ള ചില മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിരുന്നു. തനിക്ക് വധഭീഷണി വരെ ലഭിച്ചിരുന്നതായി പോൾ പറഞ്ഞു.
ഡിസംബർ 10ന് ഫിൻലാന്റ്, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, സ്വീഡൻ എന്നിവിടങ്ങളിലും ഡിസംബർ 12ന് ആസ്ട്രേലിയയിലും പരിപാടി പ്രദർശിപ്പിക്കും. ഇതിന് ശേഷം ഇന്ത്യയിലും ചൈനയിലും സംപ്രേഷണം ചെയ്യും.