ചാമ്പ്യന്‍സ് ട്രോഫി ഹോക്കി:ഓസ്‌ട്രേലിയക്ക് അടിതെറ്റി

single-img
6 December 2014

enഓസ്‌ട്രേലിയക്ക് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ അടിതെറ്റി. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഒന്നിനെതിരെ മൂന്ന് ഗോളിന് ഓസ്‌ട്രേലിയയെ തകര്‍ത്തത്. തുടര്‍ച്ചയായ ആറാം കിരീടം തേടി ആണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കളത്തിൽ ഇറങ്ങിയത്.

 
സാമ്വല്‍ വാര്‍ഡിന്റെ ഇരട്ടഗോളാണ് ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്. അലെയ്‌സ്റ്റര്‍ ബ്രോഗ്ഡണിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധന്‍ ക്രിസ് സിരിയെല്ലോ ഓസ്‌ട്രേലിയയുടെ ആശ്വാസഗോള്‍ നേടി.തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് ആറാം മിനിറ്റില്‍ തന്നെ ബ്രോഗ്ഡണിന്റെ റി വേഴ്‌സ് ഫ്ലൂക്കിലൂടെ ലീഡ് നേടി.

 
കളിക്കിടെ പന്ത് തലയ്ക്കിടിച്ച് മരിച്ച ഓസീസ് ക്രിക്കറ്റര്‍ ഫിലിപ്പ് ഹ്യൂസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഇരു ടീമിലെയും താരങ്ങള്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്.അതേസമയം പൂളിലെ രണ്ടാം മത്സരത്തില്‍ ബെല്‍ജിയം നിലവിലെ മൂന്നാം സ്ഥാനക്കാരും മുന്‍ ചാമ്പ്യന്മാരുമായ പാകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നു.