മായാതെ മറയാതെ ഓര്‍മ്മകളില്‍ ഇന്നും മോനിഷ; മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 22 വയസ്സ്

single-img
5 December 2014

ആദ്യചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഉര്‍വ്വശി അവര്‍ഡ് കൊണ്ടുതന്ന നഖക്ഷതങ്ങളിലെ ഗൗരി ഓര്‍മ്മയായിട്ട് ഇരുപത്തിരണ്ട് വര്‍ഷം കഴിഞ്ഞു. ഗ്രാമവിശുദ്ധിയുടെ പര്യായമായ ഗൗരിയായി നിറഞ്ഞാടിയ മലയാളത്തിന്റെ മോനിഷയുടെ നൈര്‍മ്മല്യമേറിയ ആ പുഞ്ചിരി ഇന്നും ഓരോ മലയാളിയുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.Monisha

കോഴിക്കോട് പന്നിയങ്കരയില്‍ 1971 ല്‍ ജനിച്ച മോനിഷ പഠിച്ചതും വളര്‍ന്നതും ബാംഗഌരിലായിരുന്നു. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു തുടങ്ങിയ മോനിഷ ചലച്ചിത്രലോകത്ത് ഹരിരശീകുറിച്ചത് ഏതൊരു അഭിനേതാവും സ്വപ്‌നം കാണുന്ന എം.ടി- ഹരിഹരന്‍ ടീമിനൊപ്പമായിരുന്നു. 1986 ല്‍ പതിനാറുപോലും തികയാത്ത മോനിഷ ആദ്യചിത്രത്തിലൂടെ തന്നെ ദേശിയ തലത്തില്‍ മികച്ച നടിക്കുള്ള ഉര്‍വ്വശി അവാര്‍ഡ് നേടിയെടുക്കുന്നത് ഇന്ത്യന്‍ ചിലച്ചിത്രലോകം അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്.

അതിനുശേഷം വര്‍ഷത്തില്‍ ഒന്നോരണ്ടോ ചിത്രങ്ങള്‍ വെച്ച് 1992 വരെ മെല്ലെപ്പോക്കായിരുന്നു മോനിഷയുടെ സിനിമാ ജീവിതം. പക്ഷേ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെയെല്ലാം അവിസ്മരണീയമാക്കാന്‍ ആ പ്രതിഭയ്ക്കു കഴിഞ്ഞിരുന്നു. സായംസന്ധ്യയില്‍ മമ്മൂട്ടിയുടെ മകള്‍, എം.ടിയുടെ തൂലികയില്‍ നിന്നും ഉയിര്‍കൊണ്ട ഋതുഭേദത്തിലെ തങ്കമണി, കനകാംബരത്തിലെ ശ്രീദേവി, ആര്യനിലെ പെട്ടിക്കടക്കാരന്‍ കുഞ്ഞാലിയുടെ പുന്നാര മകള്‍ സൈനബ, അധിപനിലെ ഗീത എന്നിവയൊക്കെ മോനിഷയുടെ പ്രതിഭ തിളങ്ങിയ കഥാപാത്രങ്ങളാണ്.

ഇതിനിടയില്‍ ‘നഖക്ഷത’ങ്ങളുടെ തമിഴ് റീമേക്കായ പൂക്കള്‍ വിടും ദൂത്. ആര്യന്റെ റീമേക്കായ ദ്രാവിഡന്‍, ഉന്നെ നിനച്ചേന്‍ പാട്ടു പടിച്ചേന്‍’ എന്ന ചിത്രങ്ങളിലും ഒന്നു രണ്ടു കന്നഡ തെലുങ്കു ചിത്രങ്ങളിലും മോനിഷ അഭിനയിച്ചു. അതിനുശേഷമാണ് പെരുന്തച്ചനിലെ കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെ വേഷം മോനിഷയെ തേടിയെത്തുന്നത്. അതും മോനിഷയുടെ കയ്യില്‍ ഭദ്രമായിരുന്നു.

അഭിനയജീവിതത്തിന്റെ അവസാന വര്‍ഷമായ 1992 മോനിഷയ്ക്ക് തിരക്കുള്ള വര്‍ഷമായിരുന്നു. കാഴ്ചക്കപ്പുറം, കമലദളം, ചെപ്പടിവിദ്യ തുടങ്ങിയ ചിത്രങ്ങളിലാണ് മോനിഷ ആ വര്‍ഷം അഭിനയിച്ചത്. 1992 ഡിസംബര്‍ 5ന് ചെപ്പടിവിദ്യയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ചേര്‍ത്തല വെച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയടിച്ച് ആ അഭിനയപ്രതിഭയുടെ ജീവിതം അവസാനിച്ചത്.

മോനിഷ അഭിനയരംഗത്ത് വന്ന് ആറു വര്‍ഷം കൊണ്ട് ഇരുപത് മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ഒരു സംവിധായകനും രണ്ടാമത് മോനിഷയെ വിളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മോനിഷ അഭിനയിച്ച ഇരുപത് ചിത്രങ്ങളുടെ സംവിധായകര്‍ ഇരുപത് പേരാണെന്നതും ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു റിക്കോര്‍ഡാണ് എന്നുള്ളതാണ് സത്യം.