ചെറിയ സാമ്പത്തിക ബാധ്യതയുടെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട് ആശുപത്രിയിലായി; ചികിത്സിച്ച സ്വകാര്യ ആശുപത്രി നല്‍കിയത് 2.56 ലക്ഷം രൂപയുടെ ബില്‍: ബില്ലടയ്ക്കാതെ പോകാന്‍ സമ്മതിക്കില്ലെന്ന് ആശുപത്രി അധികൃതര്‍

single-img
5 December 2014

Hosജീവിതത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവാവിനെ ചികിത്സാ ഫീസ് നല്‍കയില്ലെന്ന പേരില്‍ ആശുപത്രി അധികൃതര്‍ തടഞ്ഞുവെച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിയായ അനിലിനാണ് മരണത്തെ പോലും തോല്‍പ്പിച്ച ദുരവസ്ഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്.

ചെറിയൊരു സാമ്പത്തിക ബാധ്യതയുടെ പേരിലാണ് നിര്‍മ്മാണ തൊഴിലാളിയായ അനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ അനിലിനെ ആദ്യം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുകയും അവിടുത്തെ മൂന്ന് ദിവസത്തെ ചികിത്സക്കായി 50,000 രൂപ ചെലവാകുകയും ചെയ്തു. പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ വെന്റിലേറ്റര്‍ സഹായം ഇല്ലാത്തതിനാല്‍ പട്ടത്തെ എസ്‌യുടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അനിലിന് ഇവിടത്തെ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുക്കാനായെങ്കിലും ചികിത്സകഴിഞ്ഞ് ആശുപത്രിയധികൃതര്‍ നല്‍കിയ 2.56 ലക്ഷം ബില്ല് കണ്ട് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്രയും പണം ഈ അടുത്തകാലത്തെങ്ങും ഉണ്ടാക്കാന്‍ കഴിയില്ലെന്ന്അനിലിനും ഭാര്യയ്ക്കും അറിയാം. ഇക്കാര്യം അധികൃതരെ അറിയിച്ചുവെങ്കിലും പണം നല്‍കാതെ വിട്ടയക്കില്ല എന്ന നിലപാടിലാണവര്‍.

ഇപ്പോള്‍ മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് അനിലും ഭാര്യയും ജീവിക്കുന്നത്. സാമ്പത്തിക ബാധ്യത്യെ തുടര്‍ന്ന് ഒരിക്കല്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഈ യുവാവ് പണത്തിനു വേണ്ടിയുള്ള ആശുപത്രിയധികൃതരുടെ പിടിവാശിക്ക് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.