ബി.ജെ.പി യോഗത്തില്‍ പങ്കെടുക്കാന്‍ താമസിച്ചെത്തിയ നേതാക്കളെ മോദി പുറത്തു നിര്‍ത്തി

single-img
4 December 2014

BJPആശാന്‍ അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യനെന്ന് പഴമൊഴി. പക്ഷേ ഇവിടെ ആശാന്‍ വേറെയാണ്. ഒന്നുപോയിട്ട് അരപോലും ആശാന് തെറ്റില്ല. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ 10 മനിട്ട് മുമ്പേ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിയെത്തിയവരെ പുറത്തു നിര്‍ത്തി. ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിലെ ബാലയോഗി ഓഡിറ്റോറയത്തില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വൈകിയെത്തിയവര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

വര്‍ഷങ്ങളായി എല്ലാ ചൊവ്വാഴ്ചയും രാവിലെ ഒമ്പതരയ്ക്കാണ് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാറുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ യോഗത്തില്‍ നേരത്തെഎത്തിയ നരേന്ദ്രമോദി യോഗം തുടങ്ങി അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ യോഗഹാളിലേക്കുള്ള വാതില്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജെപിയുടെ 320 ഓളം പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളില്‍ വൈകിയെത്തിയ ഇരുപതോളം അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ യോഗത്തിനിടെ വിദേശപര്യടനത്തിനാലായിരുന്നതിനാല്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പൊതുപ്രവര്‍ത്തകര്‍ കൃത്യനിഷ്ഠ പാലിക്കണമെന്നകാര്യം മറ്റുള്ളവര്‍ക്ക് ചൊല്ലിക്കൊടുത്താല്‍ മാത്രം പോര സ്വന്തം ജീവിതത്തിലും അത് പ്രാര്‍ത്തികമാക്കണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.