കാന്‍സര്‍ ബാധിച്ച 17കാരിക്കും മറ്റു രോഗികള്‍ക്കും വേണ്ടി ധനസമാഹരണത്തിനായി കണ്ണമ്പള്ളി ബസ് ഓടി; ടിക്കറ്റില്ലാതെ ബക്കറ്റുമായി പോയ ബസിന് കിട്ടിയത് കരുണവറ്റാത്ത ഹൃദയങ്ങളുടെ നിലയ്ക്കാത്ത ധനസഹായം

single-img
3 December 2014

Ticket
കണ്ണമ്പള്ളി ബസില്‍ ഇന്നലെ ടിക്കറ്റ്‌കൊടുത്തില്ല. പകരം കണ്ടക്ടര്‍ ബക്കറ്റുമായി യാത്രക്കാര്‍ക്ക് മുന്നിലെത്തി. പക്ഷേ ആരും നിരാശപ്പെടുത്തിയില്ല. 10 രൂപ ടിക്കറ്റ് എടുക്കേണ്ട സ്ഥാനത്ത് യാത്രക്കാര്‍ 100 രൂപ നല്‍കി തങ്ങളുടെ ഹൃദയ വിശാലത വ്യക്തമാക്കുകയായിരുന്നു.

നിര്‍ധന രോഗികളുടെ ചികിത്സാ ചെലവിനായി കൊട്ടാരക്കര-ഓയൂര്‍-അമ്പലംകുന്ന് റൂട്ടിലോടുന്ന കണ്ണമ്പള്ളി എന്ന സ്വകാര്യ ബസിലെ ഒരു ദിവസത്തെ കളക്ഷനാണ് ബസ് ഓണര്‍ പരുത്തിയറ വെളിയം ശ്രീകുമാര്‍ഭവനില്‍ ലളിതാഭായിയമ്മ(50) നീക്കിവെച്ചത്. മുമ്പ് കാന്‍സര്‍ രോഗത്തില്‍നിന്നും മോചനം നേടിയ ലളിതാഭായി തന്റെ ഗ്രാമത്തിലെ 17 വയസുള്ള വിദ്യാര്‍ഥിനിയുടെ കാന്‍സര്‍ ചികിത്സയ്ക്കും രക്തസമ്മര്‍ദം കൂടി രോഗിയായി മാറിയ രോഗിക്കും വേണ്ടിയാണ് യാത്രക്കാരുടെസഹായത്തോടെ തുകസമാഹരിച്ചത്.

ദിവസം ഏഴായിരത്തോളം രൂപ കളക്ഷനുള്ള ബസില്‍ ഇന്നലെ രാവിലെ മുതല്‍ ടിക്കറ്റ് വിതരണം നടത്തിയില്ല. പകരം യാത്രക്കാര്‍ അകമഴിഞ്ഞ് ബക്കറ്റില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഈ വിവരം നേരത്തെ അറിഞ്ഞതുകൊണ്ടു തന്നെ ഇന്നലത്തെ സര്‍വീസിന് പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. മാത്രമല്ല ബസ് ജീവനക്കാര്‍ ഇന്നലത്തെ ശമ്പളവും ഈ ധനസഹായത്തിലേക്ക് സംഭാവന നല്‍കിയിരുന്നു.