യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വൈഫൈ ഇന്റര്‍നെറ്റ് സൗകര്യവുമായി കോട്ടയം നഗരത്തില്‍ സ്വകാര്യ ബസ് സര്‍വ്വീസ് ആരംഭിച്ചു

single-img
2 December 2014

Busകോട്ടയം -പാല റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കിടങ്ങൂര്‍ സ്വദേശിയായ ഹരിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള മന്ദാരം ബസില്‍ ഇനി ആള്‍ തിരക്കായിരിക്കും. കാരണം യാത്രക്കാര്‍ക്കെല്ലാം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് വൈഫൈ സൗകര്യവുമായാണ് മന്ദാരം ഇനിമുതല്‍ യാത്ര ചെയ്യുന്നത്. വൈ ഫൈ സൗകര്യമുള്ള ജില്ലയിലെ ആദ്യ സ്വകാര്യ ബസും കൂടിയാണ് മന്ദാരം.

പുതിയ ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള എന്തെങ്കിലും പുതുമ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തില്‍ ഹരിക്കുട്ടന്റെ മകന്‍ പ്‌ളസ് ടു വിദ്യാര്‍ഥിയായ കണ്ണന്‍ എച്ച്. നായരുടെ മനസില്‍ തോന്നിയ ആശയമാണ് സാധാ മന്ദാരത്തിനെ വൈഫൈ മന്ദാരമാക്കിയത്. പഴയ ബസിനു പകരം പുതുതലമുറയെ സ്വാധീനിക്കുന്ന വൈ ഫൈ സംവിധാനവുമായി കഴിഞ്ഞയാഴ്ചമുതലാണ് പുതിയ ബസ് സര്‍വീസ് ആരംഭിച്ചത്.

ബസിനുള്ളിലും പുറത്തും
വൈ ഫൈ സംവിധാനള്ള ബസ് എന്ന നോട്ടിസും പതിച്ചിട്ടുണ്ട്. ഒരേ സമയം 15 പേര്‍ക്ക് ബസിലിരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. മാസം 700 രൂപയാണ് ഇന്റര്‍നെറ്റ് ബില്ല്. ഒന്‍പതിനായിരം രൂപയ്ക്ക് വൈ ഫൈ റൂട്ടര്‍ ഓണ്‍ ലൈന്‍ വഴി വാങ്ങിയാണ് ബസില്‍ സ്ഥാപിച്ചിരിക്കുന്നത്. അണ്‍ ലിമിറ്റഡ് ഇന്റര്‍നെറ്റ് കണക്ഷനും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.