സംഗീതലോകത്തെ അത്ഭുതമായി വാഴ്ത്തുന്ന എല്‍വിസ് പ്രിസ്‌ലി തന്റെ 42മത് വയസ്സില്‍ അമിത മദ്യപാനം മൂലം മരിക്കുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദിവസം ഒരുലിറ്റര്‍ മദ്യമെന്ന് വെളിപ്പെടുത്തല്‍

single-img
2 December 2014

Elvisഅമേരിക്കന്‍ റോക്ക് സംഗീതത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള സംംഗീതജ്ഞനും നടനുമായ കിങ് ഓഫ് റോക്ക് എല്‍വിസ് പ്രിസ്‌ലിയുടെ മരണ കാരണം അമിത മദ്യപാനമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒരു ദിവസം എല്‍വിസ് പ്രിസ്‌ലി കഴിച്ചിരുന്നത് ഒരു ലിറ്റര്‍ മദ്യമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഓട്ടോപ്‌സി: ദ ലാസ്റ്റ് ഹവേഴ്‌സ് ഓഫ് എല്‍വിസ് എന്ന അമേരിക്കന്‍ ചാനലായ ചാനല്‍ 4 സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ് ഈ വെളിപ്പെടുത്തല്‍. അമിത മദ്യപാനത്തിന് അടിമയായിരുന്ന പ്രിസ്‌ലി ദിവസവും ഒരു ലിറ്ററില്‍ അധികം മദ്യം അകത്താക്കുമായിരുന്നുവെന്നും അക്കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഹൃദയത്തിലും കരളിനും ഒരു സാധാരണ മനുഷ്യന്റേതിനേക്കാള്‍ രണ്ടിരട്ടി വലിപ്പമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 1977ല്‍ തന്റെ 42 വയസില്‍ അന്തരിച്ച എല്‍വിസ് പ്രിസ്‌ലിക്ക് മരണ സമയത്ത് ഏകദേശം 100 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

സംഗീത ലോകത്തെ അത്ഭുതമായാണ് പ്രിസ്‌ലിയെ വിശേഷിപ്പിക്കപ്പെടുന്നത്. 14 തവണ ഗ്രാമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിസ്‌ലിക്ക് മൂന്നു തവണ ഗ്രാമി ലഭിച്ചു. പ്രിസ്‌ലിയുടെ പാട്ടുകളുടെ നൂറു കോടി കോപ്പികള്‍ ലോകത്താകെമാനം വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. മുപ്പത്തിയാറാം വയസ്സില്‍ തന്നെ ആജീവനാന്ത സംഭാവനകള്‍ക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയ വ്യക്തിയാണ് എല്‍വിസ് ആരോണ്‍ പ്രിസ്‌ലി.