വിവാദ പരാമർശം നടത്തിയ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി മാപ്പു പറഞ്ഞു

single-img
2 December 2014

niranjan jyothiന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ പ്രകോപനപരമായി പ്രസംഗിച്ച കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി മാപ്പു പറഞ്ഞു. ആരുടെയും വികാരത്തെ വ്രണപ്പെടുത്തണമെന്ന് താൻ കരുതിയിരുന്നില്ലെന്നും പ്രസ്താവന നടത്തിയതിൽ താൻ നിർവ്യാജം ഖേദിക്കുന്നതായും ജ്യോതി പാർലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം സാധ്വിയുടെ മാപ്പപേക്ഷ സ്വീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പദവിക്ക് ചേരാത്ത പരാമർശം നടത്തിയ മന്ത്രി രാജി വയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

തിങ്കളാഴ്ച പശ്ചിമ ഡൽഹിയിലെ തിരഞ്ഞെടുപ്പ് റാലിയിലെ വേദിയിൽ വച്ചായിരുന്നു കേന്ദ്രമന്ത്രി ജ്യോതി വിവാദ പരാമർശം നടത്തിയത്.

മുസ്‌ലീങ്ങളോ ക്രിസ്ത്യാനികളോ ആകട്ടെ, അവർ രാമന്റെ മക്കളാണ്‌. ഈ ചിന്താഗതി ഇല്ലാത്തവർ  ഇന്ത്യക്കാരല്ല. നിങ്ങളാണ്‌ തീരുമാനിക്കേണ്ടത്‌. ശ്രീരാമനെ പിന്തുടരുന്നവരുടെ സർക്കാരു വേണോ അതല്ല ജാരസന്തതികളുടെ ഭരണം വേണോയെന്ന്. സോണിയയുടെ മരുമകൻ റോബർട്ട് വാദ്ര പാത്രങ്ങൾ വിൽക്കുന്ന സാധാരണ കുടുംബത്തിൽ  പിറന്നയാളാണ്. അയാൾ എങ്ങനെ സമ്പന്നനായി. പാവങ്ങളെ കൊള്ളയടിക്കുകയാണ് അവർ ചെയ്തതെന്നും ജ്യോതി ആരോപിച്ചു.

സംഭവം വിവാദമായതോടെ സാധ്വി നിരഞ്ജൻ ജ്യോതിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.

എന്നാൽ ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ അവരുടെ പ്രതികരണം ആരാഞ്ഞപ്പോൾ തന്റെ നിലപാടിനെ ആദ്യം ന്യായീകരിക്കുകയാണ് ജ്യോതി ചെയ്തത്.  വിഭാഗീയമായി ചിന്തിക്കുന്നവരെയും ദേശവിരുദ്ധ ശക്തികളെയും ഉദ്ദേശിച്ചാണ്  താൻ അങ്ങനെ പറഞ്ഞതെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും അവർ പറഞ്ഞു. വിദേശത്ത്,  ഇന്ത്യാക്കാരെ ഹിന്ദുസ്ഥാനികൾ എന്നാണ്  വിശേഷിപ്പിക്കുന്നതെന്നാണ്‌ താൻ പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.