ബാര്‍കോഴ; മാണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍

single-img
1 December 2014

KODIYERI_BALAKRISHNANതിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ ധനമന്ത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന് ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ കാറിലെത്തി രണ്ടു ഘട്ടങ്ങളായാണ് പണം കൈമാറിയതെന്ന് കോടിയേരി ആരോപിച്ചു. മന്ത്രി കെ.എം. മാണിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു കോടിയേരിയുടെ ആരോപണം. കോഴ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടിയേരി  അടിയന്തരപ്രമേയം അവതരിപ്പിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കാലത്ത് ആറര മണിക്ക് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍   കാറിലെത്തിയവരാണ് ആദ്യം പണം കൈമാറിയത്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍-01 ബി 7878 നമ്പറുള്ള കാറിലാണ് ഇവര്‍ എത്തിയത്. ആദ്യം ഡ്രൈവര്‍ 15 ലക്ഷം രൂപയും പിന്നീട് രണ്ടുപേര്‍ വന്ന് 35 ലക്ഷം രൂപയുമാണ് കൈമാറിയത്. ഇക്കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇതിന്റെ തെളിവുകള്‍ സിഡിയിലാക്കി കോടിയേരി സഭയുടെ മേശപ്പുറത്ത് വെച്ചു.

കൂടാതെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെയും ഫോണ്‍ രേഖകളും പരിശോധിക്കണമെന്നും. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ? എന്ന് കോടിയേരി ചോദിച്ചു.

മദ്യനയം ചര്‍ച്ച ചെയ്ത മന്ത്രിസഭയുടെ മിനിറ്റ്‌സ് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നും ആരെല്ലൊം സര്‍ക്കാരിന്റെ മദ്യനയത്തെ എതിര്‍ത്തുവെന്ന് വെളിപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.