കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ല:സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് • ഇ വാർത്ത | evartha
Kerala

കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ല:സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്

blകരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് .രാജ്യത്തെ ധാതുസമ്പത്ത് സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിയ യു.പി.എ സർക്കാരിന്റെ നവ-ഉദാരവൽക്കര നയങ്ങളുടെ പ്രത്യാഘാതമാണ് കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനു പിന്നിലുള്ളത്.

 
വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിനു പകരം ഈ രംഗത്തെ സ്വകാര്യലോബിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

 
2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ച വ്യവസായ നയത്തിൽ കരിമണൽ ഖനനം പൊതുമേഖലയില്‍ മാത്രമേ നടത്തൂ എന്ന് പ്രഖ്യാപിച്ചു. എന്നാൽ യു.പി.എ സർക്കാർ മറ്റ് മേഖലകളെപ്പോലെ ധാതുമണൽ ഖനന മേഖലയും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത് ഉത്തരവിറക്കുകയായിരുന്നു.

 
ഈ കേന്ദ്രനയത്തിന്റെ ചുവടുപിടിച്ചാണ് സ്വകാര്യകമ്പനികൾ സംസ്ഥാനത്തെ കടൽതീരങ്ങളിൽ കരിമണൽ ഖനാനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചതെന്നും സി.പി.ഐ.എം പ്രസ്താവനയിൽ പറഞ്ഞു.