ചപ്പാത്തിയുടെ പണം നല്‍കാൻ ആവശ്യപ്പെട്ടതിന് അക്രമി സംഘം വെയ്‌റ്ററെ വെടിവെച്ചു കൊലപ്പെടുത്തി

single-img
29 November 2014

gun-genericമീററ്റ്‌:  ചപ്പാത്തിക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്ന്‌ വെയ്‌റ്ററെ വെടിവെച്ചു കൊലപ്പെടുത്തി. മീററ്റിലെ ബീഗംപുല്‍ റോഡിലെ ലിബ്രാ ഹോട്ടലില്‍ സംഭവം നടന്നത്. 26 കാരന്‍ രത്തന്‍ സിംഗ്‌ എന്ന വെയ്‌റ്ററെയാണ് ആക്രമികൾ തോക്കിനിരയാക്കിയത്. രണ്ടാമതു വാങ്ങിയ ചപ്പാത്തിയുടെ  പണം കൂടി നല്‍കാന്‍ ആവശ്യപ്പെട്ടതിനാണ്‌ ഇയാള്‍ക്ക് നേരേ വെടി ഉതിര്‍ത്തത്‌.

മദ്യ ലഹരിയിലായിരുന്നു സംഘത്തില്‍ എട്ടിലധികം പേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാങ്ങിയ മുഴുവൻ ചപ്പാത്തിയുടേയും തുക നല്‍കാന്‍ മാനേജര്‍ നിര്‍ദേശിച്ചെങ്കിലും ഇത്‌ തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്രശ്‌നത്തില്‍ ഇടപെട്ട രത്തന്‍ സിംഗുമായി സംഘം വാക്കു തര്‍ക്കത്തിൽ ഏർപ്പെടുകയും കൂട്ടത്തിലെ ഒരാള്‍ ഇദ്ദേഹത്തിന് നേരെ വെടി വെയ്‌ക്കുകയായിരുന്നു.

രത്തന്‌ വെടിവെച്ചതിന് പിന്നാലെ മുകളിലേക്ക്‌ പല തവണ നിറയൊഴിച്ച്‌ അക്രമി സംഘം പരിഭ്രാന്തി പരത്തുകയും ചെയ്‌തു. കാഴ്‌ചക്കാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അക്രമികളെ പിടികൂടാന്‍ പോലീസ്‌ ശ്രമം ആരംഭിച്ചിട്ടുണ്ട്‌.  സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന്‌ പേരെ  പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്.