ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ കാറിനുള്ളില്‍ നിന്നും 12 കോടി രൂപ കണ്ടെത്തി

single-img
29 November 2014

Cashനോയിഡ: യു.പിയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ എസ്.യു.വി കാറിനുള്ളില്‍ നിന്നും 12 കോടി രൂപ കണ്ടെത്തി . നോയിഡ, ഗ്രേറ്റര്‍ നോയിഡ, യമുന എക്‌സ്പ്രസ് ഹൈവേകളുടെ ചുമതല വഹിക്കുന്ന ചീഫ് എഞ്ചിനീയര്‍ യാദവ് സിങ്ങിന്റെ കൂട്ടാളിയുടെ കാറിനുള്ളിൽ നിന്നുമാണ് പണം ലഭിച്ചത്. ഇദ്ദേഹത്തിന്റെ വസതികളിലും ഓഫീസിലും അദ്ദേഹവുമായി ബന്ധമുള്ള ബിസിനസ്സുകാരുടെയും വസതികളിലുമായി  നടത്തിയ റെയ്ഡിൽ നിന്നും ഞെട്ടിക്കുന്ന നിക്ഷേപത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.

കോടികള്‍ വിലവരുന്ന രത്‌നം പതിച്ച രണ്ട് കിലോ സ്വര്‍ണാഭരണങ്ങള്‍ 12 ലക്ഷം രൂപ എന്നിവയും കണ്ടെടുത്തു. യാദവ് സിങ്ങിനും ഭാര്യയ്ക്കും ബന്ധമുള്ള കമ്പനികളിലും ഇതേ സമയം റെയ്ഡ് നടന്നു. മുന്‍ മുഖ്യമന്ത്രി മായാവതിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ് യാദവ്. നിര്‍മ്മാണ കരാറുകള്‍ നല്‍കിയതിലെ 954 കോടിയുടെ വന്‍ കുംഭകോണത്തില്‍ ആരോപണവിധേയനായിരുന്നു ഇദ്ദേഹം. 2012 സസ്‌പെന്‍ഷനിലായ യാദവ് 15 ദിവസം മുമ്പാണ് നോയിഡ, ഗ്രേറ്റര്‍ നോയിഡ, യമുന എക്‌സ്പ്രസ് ഹൈവേകളുടെ ചുമതലയുള്ള ചീഫ് എഞ്ചിനീയറായി നിയമിതനായത്.

യാദവ് സിങ്ങിന്റെ കൂട്ടാളി രാജേന്ദ്ര മനോച്ചയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സോഫയില്‍ സീല്‍ ചെയ്ത നിലയില്‍ താക്കോല്‍ ലഭിച്ചത്. വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് പ്രത്യേക പാക്കറ്റുകളിലായി സീറ്റിനിടയില്‍ സൂക്ഷിച്ചിരുന്ന 12 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.