രാഷ്ട്രീയ-ഉദ്യോഗസ്ഥതലങ്ങളിലെ ഉന്നതർ പദവി ദുരുപയോഗം ചെയ്ത് സൗജന്യവിമാനയാത്ര നടത്തിയെന്ന് തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍

single-img
29 November 2014

tehalkaന്യൂഡല്‍ഹി: രാഷ്ട്രീയ-ഉദ്യോഗസ്ഥതലങ്ങളിലെ ഉന്നതർ പദവി ദുരുപയോഗം ചെയ്ത് സൗജന്യവിമാനയാത്ര നടത്തിയെന്ന് തെഹല്‍ക്ക വാരികയുടെ വെളിപ്പെടുത്തല്‍. മുന്‍കേന്ദ്രമന്ത്രിമാരും രാഷ്ട്രീയക്കാരുടെ ഉറ്റബന്ധുക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ വിമാനക്കമ്പനികളെ സ്വാധീനിച്ച് സൗജന്യയാത്ര നടത്തിയത്.

മുന്‍കേന്ദ്രമന്ത്രി അജിത് സിങ്, കമല്‍നാഥ്, റോബര്‍ട്ട് വദ്ര, കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷന്‍ തുടങ്ങിയ പ്രമുഖരുടെ പേര് റിപ്പോര്‍ട്ടിലുണ്ട്. ജെറ്റ് എയര്‍വേയ്‌സിനെ കേന്ദ്രീകരിച്ചാണ് തെഹല്‍ക്ക അന്വേഷണം നടത്തിയത്. വ്യോമയാന ഡയറക്ടര്‍ ജനറലായിരിക്കെ ഇ.കെ. ഭരത് ഭൂഷണും കുടുംബവും 2012 മാര്‍ച്ച് 21ന് ജെറ്റ് എയര്‍വേയ്‌സില്‍ നടത്തിയ യാത്രകൾക്ക് വിമാനക്കമ്പനിയാണ് സ്വയം പണമടച്ചതെന്ന് തെഹല്‍ക പറയുന്നു.  ഇവര്‍ക്കായി മറ്റു യാത്രക്കാരെ തിരിച്ചിറക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.

റോബര്‍ട്ട് വദ്രയും കുടുംബവും രാഷ്ട്രീയ-ഉദ്യോഗസ്ഥതലങ്ങളിലുള്ള സ്വാധീനമുപയോഗിച്ച് മുന്തിയ ക്ലാസിൽ പത്തുതവണയെങ്കിലും സൗജന്യങ്ങള്‍ പറ്റി വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇക്കോണമി ടിക്കറ്റെടുത്ത വദ്രയ്ക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റും കുട്ടികള്‍ക്കും അമ്മയ്ക്കും പ്രീമിയം ക്ലാസിലുമാണ് യാത്ര തരപ്പെടുത്തിയത്.

വ്യോമയാന സെക്യൂരിറ്റി ബ്യൂറോയില്‍ ഡെപ്യൂട്ടേഷനിലെത്തിയ മനോജ് മാളവ്യയാണ് പദവി ദുരുപയോഗപ്പെടുത്തി ജെറ്റ് എയര്‍വേയ്‌സില്‍ ഇദ്ദേഹം കുടുംബസമേതം 28 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. ആറുകോടി രൂപയുടെ സൗജന്യമാണ് ഇതുവഴി ഇദ്ദേഹം പറ്റിയത്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്.

മുന്‍വ്യോമയാനസെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ 2012- 14 കാലയളവില്‍ ആറുകോടിയോളം രൂപ മൂല്യം വരുന്ന 50 സൗജന്യടിക്കറ്റുകള്‍ കൈപ്പറ്റി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുന്‍ചെയര്‍മാന്മാരായ വി.പി. അഗര്‍വാള്‍, അലോക് സിന്‍ഹ, ഡി.ജി.സി.എ ജോയന്റ് സെക്രട്ടറി ലളിത് ഗുപ്ത എന്നിവരാണ് സൗജന്യയാത്ര നടത്തിയ മറ്റുള്ളവര്‍.