കൂടിയാട്ട കലാകാരന്‍ പത്മശ്രീ ശിവന്‍ നമ്പൂതിരിയെ പാലിയേക്കര ടോള്‍പ്ലാസയില്‍ തടഞ്ഞുനിര്‍ത്തി

single-img
28 November 2014

Sivanപ്രസിദ്ധ കൂടിയാട്ട കലാകാരന്‍ പത്മശ്രീ ശിവന്‍നമ്പൂതിരിയെ പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു. താന്‍ പത്മശ്രീ ജേതാവാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ടോള്‍ ഒഴിവുണെ്ടന്നു പറയുകയും ചെയ്‌തെങ്കിലും നമ്പൂതിരി സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞിട്ട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.

തടഞ്ഞിടുക മാത്രമല്ല ശിവന്‍ നമ്പൂതിരിയേയും പത്മശ്രീ നല്കിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനേയും അസഭ്യം പറയുകയും ചെയ്തതായി ശിവന്‍ നമ്പൂതിരി അറിയിച്ചു. സംഭവമറിഞ്ഞു പുതുക്കാട് പോലീസ് സ്ഥലത്തെത്തിയതോടെ നമ്പൂതിരിയുടെ വാഹനം കടത്തിവിടാന്‍ അധികൃതര്‍ പിന്നീട് തയ്യാറായെങ്കിലും, പരാതി നല്കിയശേഷമേ തിരിച്ചുപോകൂ എന്നു ശിവന്‍ നമ്പൂതിരി പ്രതികരിച്ചു.

ഒടുവില്‍ പോലീസിന്റെ അഭ്യര്‍ഥന മാനിച്ചു പുതുക്കാട് സ്റ്റേഷനിലെത്തി പരാതി എഴുതി നല്കിയശേഷമാണു ശിവന്‍നമ്പൂതിരി മടങ്ങിയത്. തന്നെ മാത്രമല്ല, രാഷ്ട്രപതിയെക്കൂടി അപമാനിക്കുന്ന പ്രവര്‍ത്തിയാണു ടോള്‍പ്ലാസയില്‍ നിന്നുണ്ടായതെന്നു ശിവന്‍ നമ്പൂതിരി പറഞ്ഞു.

തൊട്ടുപിന്നാലെയെത്തിയ മുന്‍ എം എല്‍എ കല്ലടി മുഹമ്മദിനേയും ജീവനക്കാര്‍ തടഞ്ഞിട്ടത് വീണ്ടും വാഗ്വാദത്തിന് ഇടയാക്കി. തര്‍ക്കത്തിനൊടുവില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമായി മുഹമ്മദ് ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് സൂപ്രണ്ടിന്റെ അഭ്യര്‍ഥന മാനിച്ച് ടോള്‍പ്ലാസ ജീവനക്കാര്‍ മുഹമ്മദിനെയും കടത്തിവിട്ടു.